മതം എന്നു പറഞ്ഞാൽ അധോഗമനം ഇസ്‌ലാം എന്നു പറഞ്ഞാൽ ഭീകരവാദം ഹിന്ദുയിസം എന്നു പറഞ്ഞാൽ ജാതി വിവേചനം ഹിന്ദുത്വം എന്നു പറഞ്ഞാൽ ഫാസിസം എന്നൊക്കെ അർഥം വന്നിരിക്കുന്ന ഒരു ഇന്ധ്യയിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഇവിടെ ഹൈന്ദവ പാരമ്പര്യത്തിന്റെ സംരക്ഷണത്തിന് ഗോ-രാഷ്ട്രീയവും പുഷ്പക വിമാനത്തിന്റെ സയൻസും കാക്കി ട്രൗസറും വേണം  എന്നു വിശ്വസിക്കുന്ന പ്രത്യയശാത്രക്കാരും ഹിന്ദു മതത്തിന്റെ പെരടിക്കു ഒന്ന് കേറി ഇറങ്ങാതെ മതേതരനാവാൻ പറ്റില്ല എന്ന മറു  പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരും  നിലകൊള്ളുന്ന ഒരു മർക്കിട സമൂഹം ഉണ്ട് . അത് കൊണ്ട് തന്നെ ഹൈന്ദവ ദർശനങ്ങളുടെ നന്മകൾ ഉരിയാടിയാൽ സംഘി വിളിയും , ന്യൂനതകളെ വിമർശിച്ചാൽ പാകിസ്ഥാനിലേക്ക് പോടാ എന്ന ആക്രോശവും ഉറപ്പിക്കാവുന്ന ഒരു വിശേഷാൽ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഇന്ത്യ . ഇങ്ങനെ കാവി രാഷ്ട്രീയക്കാരും മതേതരും മതഭ്രാന്തന്മാരും മതദ്വേഷികളും മനുവാദികളും ദളിത് വാദികളും ഒരു പോലെ കുട്ടിച്ചോറാക്കിയ ഇന്ധ്യയിൽ ഹൈന്ദവ മതത്തിന്റെയോ അതിനു കാലാന്തരത്തിൽ ഉണ്ടായിട്ടുള്ള ആവിർഭാവത്തിന്റെയോ ഒരു നിഷ്പക്ഷ വിശ്ലേഷണം അസാധ്യം. ഒന്നുകിൽ ഹിന്ദു മതം സ്ത്രീ വിവേചനവും ജാതി വിവേചനവും അന്ധവിശ്വാസങ്ങളും പ്രോത്സാഹിപ്പിക്കുന്ന മതമാണ് അല്ലെങ്കിൽ തേനും പാലും ഒഴുകുന്ന തങ്ക കുടം ആണ് !!

സ്ത്രീ വിവേചനവും ജാതി വിവേചനവും പ്രോത്സാഹിപ്പിക്കുന്ന ഭാഗങ്ങൾ ഹൈന്ദവ ഗ്രന്തങ്ങളിൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് ഉത്തരം പക്ഷെ ഇവയെ ഖണ്ഡിക്കുന്ന ഭാഗങ്ങളും പല ഹൈന്ദവ ഗ്രന്തങ്ങളിൽ ഉണ്ട് . ഈ വിവേചനങ്ങളേ സംഘടിപ്പിച്ചു ക്രമീകരിച്ചു സാമൂഹ്യ വ്യവസ്ഥയാക്കിയവർ വൈദിക ധർമത്തിൽ ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാലും ഉണ്ട് എന്ന് തന്നെ ഉത്തരം പക്ഷെ മതത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് ഈ വിവേചനങ്ങളേ പ്രധിരോധിച്ചു നവോത്ഥാനം കൊണ്ട് വന്നവരും ഉണ്ടായിട്ടുണ്ട് . ബൗദ്ധ മതസ്ഥരെ ഇന്ധ്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളെ ഐസിസ് പോലും ലജ്ജിച്ചു പോകും വിധം കൂട്ടക്കൊല നടത്തി ബൗദ്ധ മഠങ്ങളും ദേവാലയങ്ങളും തകർത്തു ഹൈന്ദവ ക്ഷേത്രങ്ങൾ പണിത ചരിത്രം ഇല്ലേ എന്നു ആരോപിച്ചാൽ ഉണ്ട് എന്നു തന്നെ വേണം കുറ്റസമ്മതം. പക്ഷെ രണ്ടു കയ്യും നീട്ടി പാഴ്സികളെയും ജൂതരെയും ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയും സ്വീകരിച്ചു അവർക്കു തനതായ ദേവാലയങ്ങൾ പണിയാനുള്ള ഭൂദാനവും മത പരിവർത്തനത്തിനു കുഞ്ഞാടുകളെയും കൊടുക്കാൻ ഉതകുന്ന ശാസനങ്ങൾ നടത്തിയവരും ഉണ്ടായിട്ടുണ്ട് .സാംഖ്യ യോഗ ന്യായ വൈശേഷിക മീമാംസ എന്നീ ആസ്തിക ദർശനങ്ങളും, ചാർവാകരുടെ നാസ്തിക ദർശനങ്ങളും, പുരുഷ നിയന്ത്രിത മക്കത്തായവും, സ്ത്രീ സ്വാതന്ത്ര്യം പരിരക്ഷിച്ച മരുമക്കത്തായവും, ബ്രാഹ്മണന്റെ വെള്ളി കെട്ടിയ ചൂരലിനെ ഭയക്കുന്ന പുലയനും, മലയന്റെ മാറണ തന്ത്രങ്ങളെ ഭയക്കുന്ന സവർണനും, കീഴ്ജാതികൾക്കു  മേൽമുണ്ട് വിലക്കിയ സവർണ ബൂർഷ്വകളും, ജാതി വ്യവസ്ഥയെ കീഴ്മേൽ മറിക്കുന്ന തെയ്യങ്ങളും പുലപ്പേടിയും, മതത്തെ വ്യവസ്ഥിതമാക്കാൻ അഹോരാത്രം ഉഷ്ണിക്കുന്ന ചിലരും ഇത് മതമേ അല്ലാ എന്നു വാദിക്കുന്ന മറ്റു പലരും ഒരു വിരോധാഭാസം എന്നവണ്ണം സമാന്തരമായി വർത്തിച്ചിരുന്നു വർത്തിക്കുന്നു . ഇപ്രകാരം ഹൈന്ദവ മതത്തിന്റെ ചരിത്രവും ഹൈന്ദവരുടെ സാമൂഹിക ഇടപാടുകളും വൈവിധ്യമാർന്ന ഗുണ-ദോഷ സമ്മിശ്രങ്ങളാണ് , വിഭിന്ന പ്രത്യയശാസ്ത്രങ്ങളുടെ സംയോഗമാണ് , വിരോധാഭാസങ്ങൾ നിറഞ്ഞതുമാണ്. ആയതിനാൽ ഹിന്ദു മതത്തിനെ ജാതി വിവേചനവും സ്ത്രീ വിവേചനവും ബ്രാഹ്മണ വാദവും മാത്രമായി ചുരുക്കി കാണുന്ന പരിമിത ദർശികൾ ചിന്തിക്കേണ്ട ചില ചൊല്ലാപ്പുറങ്ങൾ ഉണ്ട് വായിക്കാത്ത ചില ചരിത്ര വസ്തുതകൾ ഉണ്ട് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളും ഉണ്ട്

ജന്മം കൊണ്ട് വാല്മീകിയും അഗസ്ത്യനും വേടരായിരുന്നില്ലേ ? ദുർവാസാവു ഒരു ചെരുപ്പുകുത്തി ആയിരുന്നില്ലേ ? ധതീചിയും കശ്യപനും കൊല്ലന്മാരായിരുന്നില്ലേ ? കൗണ്ഡില്യൻ ക്ഷുരകനായിരുന്നില്ലേ ? ജമദഗ്നിയും വിശ്വാമിത്രനും വേദ വ്യാസനും മുക്കുവ സ്ത്രീയിലുണ്ടായവരല്ലേ ? ധന്വന്തരിയും നാരദനും ജാബാലനും ദാസി പുത്രരല്ലെ ? ഗാർഗിയും , മൈത്രേയിയും , ലോപമുദ്രയും സ്ത്രീകളായിരുന്നില്ലേ ? ഇവരൊക്കെ സൃഷ്‌ടിച്ച ആധ്യാത്മിക വൈദിക സ്‌മൃതി ദർശനങ്ങളിൽ നിന്നും പടുത്തുയർത്തിയ ഒരു മതം എങ്ങനെ വൈദിക പഠനം കീഴ് ജാതികൾക്കും സ്ത്രീകൾക്കും നിഷിദ്ധമാക്കി ? കൊങ്കൺ തീരപ്രദേശത്തെ ചിത്പാവൻ ബ്രാഹ്മണരും കർണാടക ദേശത്തെ മട്ടി ബ്രാഹ്മണരും ബംഗാളിലെ വ്യാസോക്തി ബ്രാഹ്മണരും മഹാരാഷ്ട്രത്തിലെ ശേനവി ബ്രാഹ്മണരും മുക്കുവർ ഉപനയനം കഴിച്ചു ബ്രാഹ്മണരായവരല്ലേ ? പരാശര, വ്യാസ , വത്സ, മാതങ്ക, ശബര, ജാബാല ഗോത്രങ്ങളിൽ ഉള്ള ബ്രാഹ്മണ കുടുംബങ്ങളിൽ പലതും ശൂദ്ര വംശജർ ബ്രാഹ്മണ്യം സ്വീകരിച്ചതല്ലേ ? പിന്നെങ്ങനെ ബ്രാഹ്മണർ കീഴ് ജാതികളെ ഉയരാൻ അനുവദിച്ചില്ലാ എന്നും അബ്രാഹ്മണർക്കു ബ്രാഹ്മണ്യം നിഷിദ്ധം ആണെന്നും ഹൈന്ദവ ധർമത്തെ ബ്രാഹ്മണ്യം നശിപ്പിച്ചതാണ് എന്നൊക്കെ  അടച്ചു പറയാനാവുക ? പുലയനായ നന്ദനാരും രാമ ഭക്തയായ ജാനാബായിയും കൃഷ്ണഭക്തയായ മീരാഭായിയും ഇസ്‌ലാമിക കുടുംബ പശ്ചാത്തലത്തിൽ വളർന്ന കബീറും ശൂദ്രനായിരുന്ന തുകാറാമും തട്ടാനായിരുന്ന നരഹരിയും വളർത്തിയെടുത്ത ഭക്തി സമ്പ്രദായം ഉള്ള ഒരു മതം എന്തിനു  ദേവാലയങ്ങളിൽ  വിവേചനം നടത്തി ? അതിനു ഉത്തരവാദികൾ ആരോ സൃഷ്‌ടിച്ച ബ്രാഹ്മണ്യം എന്ന സംസ്കാര സങ്കല്പമോ അതോ മനുഷ്യനിലെ സാർവത്രികമായ അധികാര മോഹമോ ? രാജാ റാം മോഹൻ റോയിക്കും ആയിരം വർഷം മുൻപ് പരശുരാമ ക്ഷേത്രത്തിൽ ( കേരളവും തുളുനാടും ഉൾപ്പെടുന്ന പ്രദേശം ) സതി നിഷിദ്ധമാക്കിയത് ബ്രാഹ്മണനായ ആദി ശങ്കരനല്ലേ ? ക്ഷേത്ര പ്രവേശന വിളംബരം നടത്തി ഏവർക്കും ക്ഷേത്ര പ്രവേശനാധികാരം നൽകിയത് ക്ഷാത്രധർമത്തിൽ വിശ്വസിച്ചിരുന്ന ശ്രീ ചിത്തിര തിരുന്നാൾ അല്ലെ ? മതത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് തന്നെ അധഃകൃതരുടെ നവോത്ഥാനവും കേരളത്തിൽ സാമൂഹിക പരിഷ്കരണം കൊണ്ട് വന്ന ശ്രീ നാരായണ ഗുരുവിനു കലയിലും അദ്വൈത വേദാന്തത്തിലും സംസ്‌കൃതത്തിലും ഉപരിപഠനം നൽകിയത് നായരായി പിറന്നിട്ടും ജാതി വ്യവസ്ഥയെ ഖണ്ഡിച്ച ചട്ടമ്പി സ്വാമികളല്ലേ ? അപ്പോൾ ഹൈന്ദവ ധർമത്തിനുള്ളിലെ സ്ത്രീ വിവേചനത്തിനും ജാതി വിവേചനത്തിനും എതിരെ പൊരുതി പരിഷ്കാരങ്ങൾക്കു പ്രയത്നിച്ചവർ സവർണരിൽ ഉണ്ടായിരുന്നില്ലേ ? അങ്ങനെയുള്ള മതം സവർണ മേധാവിത്വത്താൽ പരിഷ്കാരത്തിനു വിധേയമല്ലാ എന്നെങ്ങനെ പൊതുവായി  പറയും ? സ്വർഗത്തോളം പുകഴ്ജത്തിയും പാതാളത്തിലോട്ടു ചവിട്ടി താഴ്‌ത്തിയും ഹൈന്ദവ മതത്തെ ഒരു പരിഭാഷയുടെ കുടക്കീഴിൽ ചുരുക്കാൻ ശ്രമിക്കുന്ന ഇഷ്ടരും ദ്വേഷികളും  അതിനെ അതിന്റെ പൂർണതയിൽ മനസിലാക്കിയിട്ടില്ല .

മേല്പറഞ്ഞ വിരോധഭാസങ്ങൾ സത്യത്തിൽ നമ്മളെ എന്താണ് പഠിപ്പിക്കുന്നത് ? ഹൈന്ദവ മതം വിഭിന്ന തത്വ ശാസ്ത്രങ്ങളുടെയും സാമൂഹിക വ്യവസ്ഥികളുടെയും ഒരു ബഹുസ്വര സംയോഗമാണ് . ഇവയിൽ ഏതെങ്കിലും ഒന്നിൽ ആസ്ഥയുണ്ടായത് കൊണ്ടോ ഇല്ലാത്തതു കൊണ്ടോ ആരും ശ്രേഷ്ഠനോ പതിതനോ വിവേചനവാദിയോ പുരോഗമനവാദിയോ ഒന്നും ആവുന്നില്ല കാരണം എല്ലാ മേഖലയിലും പോലെ ഹൈന്ദവ മതത്തിലും കാലാന്തരത്തിൽ ആപേക്ഷികമായി തോന്നാവുന്ന നല്ലതും പേടും ഉണ്ട് . ഒരേ മനുഷ്യൻ സന്ദർഭാനുസരണം സ്വാർത്ഥനും കരുണയുള്ളവനും ആകുന്നില്ലേ അപ്പോൾ അവനാൽ സൃഷ്ടിച്ചെടുത്ത മതത്തിലും അത് പ്രതിഫലിക്കുന്നു. അതിൽ അഭിമാനിക്കാനോ നാണിക്കാനോ ഒന്നുമില്ല കാരണം ആ ഗുണ-ദോഷ സമ്മിശ്രം ഒരു വസ്തുതയാണ് . ആയതിനാൽ സംഘിക്കു ഏകരൂപം രചിക്കാനോ മതേതരൻ ചമയുന്നവർക്കു ഇട്ടു അലക്കാനോ മാത്രമായി ഞാൻ എന്റെ മതം ഒരു പക്ഷത്തിനു തീറെഴുതി കൊടുക്കാൻ തയ്യാറല്ല. വേണമെങ്കിൽ ആസ്തികനും നാസ്തികനും വൈദികനും അവർണനും സംഘിയും കമ്മിയും യാഥാസ്തികനും പുരോഗമനവാദിയും നഗ്ന ഭിക്ഷുവും ഇന്റർനെറ്റ് -ഹിന്ദുവും ഒക്കെ ഹൈന്ദവ ദർശനങ്ങളുടെ ബഹുസ്വര പ്രത്യയശാസ്ത്രത്തിന്റെ വിരോധാഭാസങ്ങളെ അംഗീകരിച്ചു കൊണ്ട് കാലികാപ്രസക്തിയുള്ള നന്മ നിലനിർത്തിയും തിന്മ ഉടച്ചുവാർത്തും അതിന്റെ ആവിർഭാവത്തിൽ സഹകരിച്ചു പങ്കു കച്ചവടം നടത്തട്ടെ. .

Advertisements