ഋതുമതികൾ ആയ സ്ത്രീകളെ  ശബരിമല സന്നിധാനത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നതു ഒരു തരം  സ്ത്രീ വിവേചനം അല്ലേ ? . അതേ…അത് വിവേചനം തന്നെയാണ് .  ആചാര മര്യാദകൾ കാലാനുസൃതമായി മാറുന്ന മൂല്യങ്ങൾക്കനുസരിച്ചു മാറണം ….അത് അനിവാര്യം ആണ് …അവ ഏതു കൊലകുത്തിയ മതമോ മതാചാര മൂല്യങ്ങളോ ആയാലും ….. അവ മാറേണ്ടിയിരിക്കുന്നു . ബൗദ്ധ പ്രതിഷ്ഠയായിരുന്ന ശബരിമലയിലെ ആദി പ്രതിഷ്ഠയെ സാങ്കല്പികമായി ധർമ ശാസ്താവായി മാറ്റി സങ്കല്പിച്ചു പ്രതിഷ്ഠിച്ച ചരിത്രമുള്ള  ഒരു ക്ഷേത്രത്തിനാണോ ഒരു ബ്രഹ്മചാരിയായ പ്രതിഷ്ഠാ സങ്കല്പത്തിനെ ഒരു ഗൃഹസ്ഥനായി മാറ്റി സങ്കൽപ്പിക്കാൻ  ബുദ്ധിമുട്ടു ? ക്ഷേത്രാചാരങ്ങളുടെയും ആഗമങ്ങളുടെയും വാദ മറവിൽ കാലാനുസൃതമായി മാറാനുള്ള വിരോധവും വാശിയും മാത്രമാണ് . ഇങ്ങനയൊക്കെ ആണ് കാര്യങ്ങളുടെ വസ്തുതാപരമായ കിടപ്പു എങ്കിലും അതിനു വേണ്ടി അഹോരാത്രം നാഴികയ്ക്കു നാലു വട്ടം സോഷ്യൽ മീഡിയയിൽ അലമുറ കൂട്ടുന്ന …..മതേതർ എന്നും നാസ്തികർ എന്നും വിശാല സ്വതന്ത്ര ചിന്തകർ എന്നും ഒക്കെ സ്വയം വിശേഷിപ്പിക്കുന്ന വർഗക്കാരിൽ ചിലരുടെ ചെരിഞ്ഞ പാർശ്വം പോലുള്ള  ഉത്സാഹതീക്ഷണതയിൽ  എനിക്ക് തോന്നിയിട്ടുള്ളത് യോജിപ്പല്ല ….പകരം ഒരു തരം പുച്ഛം മാത്രമാണ് …… എന്ത് കൊണ്ട് ?

മതങ്ങൾ പലതും സ്ത്രീ ശാക്തീകരണത്തിന് എതിരാണ് …ശബരിമലയിൽ സ്ത്രീ കയറണോ വേണ്ടയോ എന്നതായിരിക്കരുത് വാദം …മറിച്ചു മത സ്ഥാപനങ്ങളിലും മതാചാരങ്ങളിലും ഒന്നടങ്കം സ്ത്രീക്ക് പരിമിതികൾ സൃഷ്ടിക്കുന്നത് ശരിയല്ല എന്നതായിരിക്കണമായിരുന്നു വാദം. മതങ്ങൾ അവരുടെ സ്ഥാപനങ്ങളിലും ചര്യകളിലും പരിമിതികൾ സൃഷ്ടിച്ചു തളച്ചിട്ട സ്ത്രീയെ കൈ പിടിച്ചുയർത്താൻ മതഭേദമന്യേ ഒരു സാർവത്രിക പൊതു നിയമം കൊണ്ട് വരാനായിരിക്കണം സമൂഹത്തിൽ വാദവും ചർച്ചയും ഉണർത്തേണ്ടത്. അങ്ങനൊരു പൊതു നിയമത്തിന്റെ ഭാഗമായി… അതിന്റെ കുടക്കീഴിൽ ആണ് … മതഭേദമന്യേ ശബരിമലയടക്കം ഉള്ള എല്ലാ മതസ്ഥാപനങ്ങളിലും സ്ത്രീ വിവേചനപ്രഥകളെ മാറ്റാൻ പോരാടേണ്ടത് …..അല്ലെങ്കിൽ ഇന്നത്തെ പോലുള്ള ഒരു  പോരാട്ട പദ്ധതി  ഒരു മതത്തിനെതിരെ അതും അതിലെ പൊൻ മുട്ടയിടുന്ന  താറാവിനെതിരെയും  ഉള്ള ഒരു ഒളിയമ്പ് മാത്രമായിയെ പലവരും കാണുകയുള്ളൂ .

അമ്മയുടെ പ്രസവവേദനയുടെ അലമുറ കേട്ടു ജനിച്ചു വീണ ആൺ പ്രജയ്ക്കു … കൈകൂപ്പിയോ മുട്ടുകുത്തിയോ അവനെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച അമ്മ എന്ന സ്ത്രീ ….അവൾ എന്ത് കൊണ്ട് പുരുഷന്മാരെ പ്രാർത്ഥനക്കായി പള്ളികളിൽ ബാങ്ക് വിളിച്ചു കൂട്ടാൻ നിഷേധിക്കപ്പെടുന്നു ? വ്യസനിക്കുന്ന കുഞ്ഞിന്റെ തലയിൽ തലോടി സാന്ത്വനിപ്പിക്കുന്ന അമ്മ , കരയുമ്പോൾ മുലയൂട്ടി ഉറക്കുന്ന അമ്മ എന്ന സ്ത്രീ …അവൾക്കു എന്ത് കൊണ്ട്  പള്ളി ആൾത്താരകളിൽ  വീഞ്ഞും അപ്പവും വെച്ച് പ്രാർത്ഥിച്ചു കുർബ്ബാന നടത്തി പുരുഷനെ അനുഗ്രഹിച്ചുകൂടാ ? ശബരിമലയിലും ഹാജി അലി ദർഗയിലും പ്രവേശനത്തിനു മാത്രം ഒതുങ്ങി പോകേണ്ടതല്ല മതം പരിമിതപ്പെടുത്തി തളച്ചിട്ട സ്ത്രീയുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള വാദം.

അപ്രകാരം തുല്യ ഈണത്തിൽ  മതങ്ങളിൽ എല്ലാം സ്ത്രീ ശാക്തീകരണം വേണം എന്ന് തുറന്നു വാദിക്കാൻ ധൈര്യം കാണിക്കുന്ന മതേതരനോട്   എനിക്ക് ബഹുമാനവും യോജിപ്പും പൂർണമായും ഉണ്ടാകും. അത്തരം മതേതരയാണ് സമൂഹത്തിനു ആവശ്യം . അമ്മയായി , പെങ്ങളായി , ഭാര്യയായി , മകളായി, സഹപാഠിയായി, സഹപ്രവർത്തകയായി… ഒരു തുല്യ സഹചാരികയായി  കൂടെ നിൽക്കുന്ന സ്ത്രീയുടെ ശാക്തീകരണം മതങ്ങളിൽ ഉണ്ടാവണമെങ്കിൽ …. മതങ്ങളിലെ സ്ത്രീ വിവേചന-വിരുദ്ധ പ്രഥകൾ അവസാനിപ്പിക്കാൻ മതഭേദമന്യേ ഒരു സമഗ്ര ചർച്ചയും നിയമനിർമാണവും ഇന്ധ്യയിൽ ആവശ്യമാണ് .സന്നിധാനത്തിൽ ഋതുമതികൾ ചുവടു വച്ചില്ലെങ്കിൽ സ്ത്രീ ശാക്തീകരണം ഉണ്ടാകില്ല എന്ന് വാദിക്കുന്നവർ മറ്റുള്ളവയ്ക്കൊന്നും അലമുറയിട്ടു വാദിക്കാതിരിക്കുമ്പോൾ …..സമൂഹത്തിൽ സ്ത്രീ വസ്തുവായി മൂടി പുതപ്പിക്കപ്പെടുമ്പോൾ അതും അവൾ സ്വന്തം ഇച്ഛയോടെടുത്ത വസ്ത്ര സ്വാതന്ത്ര്യം അല്ലെ എന്നു വരെ വാദിച്ചു കളയുന്ന വികൃത മതേതരാകുമ്പോൾ  …ആ വകയുള്ള ഇരട്ട താപ്പു മതേതരത്തിനോടും ഏക പക്ഷീയമായ പ്രക്ഷോഭ രാഷ്ട്രീയം നടത്തുന്ന സ്ത്രീ ശാക്തീകരണവാദികളോടും എനിക്ക് എന്തോ അന്നും ഇന്നും തോന്നുന്ന വികാരം ഒന്ന് മാത്രം ….പുച്ഛം .

Advertisements