ഈയിടെ ഹിന്ദുത്വ വാദികളായ സംഘ പരിവാർ ഓണം ഹൈന്ദവ ആഘോഷമാണെന്നും ഇടതു പക്ഷം അത് ജനകീയ ആഘോഷം ആണെന്നും ഉള്ള വടം വലി കണ്ടു. സത്യം പറഞ്ഞാൽ എനിക്ക് ഇരുപക്ഷങ്ങളുടെയും ഈ പ്രഹസനങ്ങൾ കണ്ടും കേട്ടും കരയണോ ചിരിക്കണോ എന്ന കൺഫ്യൂഷ്യനിലായി പോയി . ഞാൻ കണ്ടു കേട്ടറിഞ്ഞ ഓണത്തിന് ഹൈന്ദവം എന്ന മുഖവും ജനകീയം എന്ന മുഖവും രണ്ടും ഉണ്ടായിരുന്നു. അതിനേ ഹൈന്ദവമാക്കാൻ അതിന്റെ ജനകീയത നശിപ്പിക്കണമെന്നോ അത് ജനകീയമാക്കാൻ അതിന്റെ ഹൈന്ദവീയത നശിപ്പിക്കണമെന്നോ ഒരിക്കലും തോന്നിയിട്ടില്ല . ഇതൊക്കെ ഓണത്തിന്റെ പുറത്തു രാഷ്ട്രീയ കസർത്തു കാണിക്കുന്നവർ ജനങ്ങളെ ദ്രുവീകരിക്കാൻ നടത്തുന്ന ഒരു പൊറാട്ടു നാടകം മാത്രം …ഇതൊക്കെ കേട്ട് പുലിക്കളി തുളളാൻ കുറെ അണികളും.

ചെറുപ്പം മുതലേ എന്റെ വീട്ടിൽ എന്നും ക്രിസ്റ്മസിനു നക്ഷത്രം തൂക്കൽ മാത്രമല്ല പുൽക്കൂട് വെക്കുന്ന പതിവും ഉണ്ട് . പിൽക്കാലത്ത് പഠിക്കാൻ യുറോപ്പിലോട്ടു വന്നപ്പോൾ ഇവിടം ക്രിസ്ത്മസ് നാട്ടിലെ ഓണം പോലെ ആണ് എന്ന് മനസിലായി …വിശ്വാസം ഉള്ളവർക്ക് അത് ക്രിസ്തീയ ആഘോഷവും ഇല്ലാത്തവർക്ക് അത് ജനകീയ ആഘോഷവും ആണ് . 15 കൊല്ലം ആയി ക്രിസ്തീയ പാരമ്പര്യമുള്ള ഒരു സെക്കുലർ രാഷ്ട്രമായ ജർമനിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് . അതിന്റെ ക്രൈസ്തവ പാരമ്പര്യത്തെ തേച്ചു മായ്ക്കാൻ ഇവിടത്തെ ഇടതു പക്ഷമോ പ്രാമുഖ്യവും ആധിപത്യവും ഉള്ള നാസ്തിക ജനതയോ ഒരിക്കൽ പോലും തുനിഞ്ഞിട്ടില്ല എന്ന് ഞാൻ നേരിട്ട് കണ്ടറിഞ്ഞവനാണ്. അത് പോലെ മറിച്ചു ക്രിസ്തുമസിന്റെ ജനകീയതയിൽ ക്രൈസ്തവത അടിച്ചേല്പിക്കണം എന്ന് ഇവിടുത്തെ വിശ്വാസികൾക്കും തോന്നിയിട്ടില്ല . ഇവിടെ ക്രിസ്ത്മസ് ഒരേ സമയം ക്രൈസ്തവവും ജനകീയവും ആണ് . കൊല്ലങ്ങളായി പാതിരാകുർബാനക്കു പോകുന്ന എനിക്ക് എന്റെ ഹൈന്ദവ പാരമ്പര്യം അത് കൊണ്ട് നശിക്കും എന്ന ഒരു ഭയവും ഒരിക്കലും ഉണ്ടായിട്ടില്ല . ആയതിനാൽ പ്രബുദ്ധ കേരളത്തിൽ ഈ വക കസർത്തൊക്കെ നടക്കുമ്പോൾ അതിനേ കുറിച്ച് നിഷ്പക്ഷമായി പഠിക്കാൻ ശ്രമിക്കാതെ വിവേക ബുദ്ധി നഷ്ടപ്പെട്ട് ഇരുപക്ഷ അണികളും വാളും പടവാളും എടുക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നിപോകുന്നു …..നമ്മുടെ പരിമിത ദർശനത്തോട്.

ഓണം എന്താണ് ? അതിന്റെ ജനകീയ ചരിത്രം എന്താണ് ? ഇതൊക്കെ നമ്മൾ മലയാളികൾ ചിന്തിക്കുകയും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ് . മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്ന് പോലെ എന്ന ഓണപ്പാട്ട് നോക്കിയാൽ അറിയാം അതിന്റെ ഭാഷയിൽ സവർണ പഴമയുടെ മുഖമുദ്രയായ മണിപ്രവാളം ഇല്ല . ഇന്ന് നമ്മൾ പാടുന്ന വേർഷൻ 1930 കളിൽ സഹോദരൻ അയ്യപ്പൻ എന്ന മഹത് പ്രതിഭ പഴയ ഒരു കൃതിയിൽ നിന്നും സംസ്കരിച്ചു എടുത്തു മാറ്റി എഴുതിയതാണ്. സഹോദരൻ അയ്യപ്പന് മുൻപ്  ജീവിച്ചിരുന്ന മലയാളം നിഘണ്ടുവിന്റെ രചയിതാവായ ഗുണ്ടർട്ട് സായിപ്പ് ജർമനിയിലോട്ടു തിരിച്ചു വരുമ്പോൾ സഹോദരൻ അയ്യപ്പന്  മുൻപുള്ള   ഓണപ്പാട്ടിന്റെ ആ പഴയ കൃതി കൊണ്ട് വരുകയും അത് ഇന്നും ജർമനിയിലെ ട്യൂബിൻജൻ യൂണിവേഴ്സിറ്റിയിലെ ആർക്കൈവ്സിൽ  സൂക്ഷിച്ചു വെച്ചിട്ടും ഉണ്ട് .അവിടെ നിന്നും Dr . സക്കേറിയ ആ പഴയ കൃതിയും ഒപ്പം മറ്റു പഴയ മലയാളം കൃതികളും ചികഞ്ഞെടുത്തു 1996 ഇൽ Anchady, Jnanappana, Onappattu എന്ന പ്രസിദ്ധീകരണം നടത്തിയിട്ടും ഉണ്ട്. ആയതിനാൽ നമ്മൾ ഓർക്കേണ്ടത് ഇന്ന് നമ്മൾ പാടുന്ന പുതിയ വേർഷൻ ജനകീയ ഓണപ്പാട്ടിന് 1930 കളുടെ പഴക്കമേ ഉള്ളൂ . യുക്തിവാദിയും സാമൂഹ്യ പരിഷ്കർത്താവും ആയ സഹോദരൻ അയ്യപ്പൻ ഇത് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജന്മി വിരുദ്ധ യുദ്ധത്തെ സഹായിക്കാൻ സംസ്കരിച്ചു എടുത്ത ഒന്നാണ് . കാരണം ഇതേ കാലത്തു EMS ഉം കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും ജന്മി വ്യവസ്ഥയെ ഉടക്കാൻ ഓണത്തിന്റെ തണലെടുത്തു മാവേലിയെ ഒരു സവർണ-സാമ്രാജ്യ വിരുദ്ധ ജനകീയ നേതാവായും വാമനനെ ഒരു സവർണ സാമ്രാജ്യ വാദിയും ഒക്കെ ആക്കി ചായം പൂശി വികാരം ഉണർത്തി ഓണത്തെ ഒരു ബൂർഷുവാ വിരുദ്ധ പ്രമേയമാക്കി ജന പിന്തുണ നേടാൻ ശ്രമിക്കുന്ന കാലം കൂടി ആയിരുന്നു . മഹാബലി സൃഷ്ടിച്ച സമത്വസുന്ദരമായ രാജ്യത്തെ നശിപ്പിച്ചത് ബ്രാഹ്മണനായ വാമനനാണെന്നു കഥയുടെ വ്യാഖ്യാനത്തിൽ അങ്ങനെ അവർ കൊണ്ട് വന്നു . വാമനൻ ബ്രാഹ്മണനും മഹാബലി അസുരനും ആയിരുന്നെങ്കിലും യഥാർത്ഥത്തിൽ ഈ പരിവേഷങ്ങൾ ഒന്നുമില്ലായിരുന്നു  പാരമ്പര്യ  വാമന-മഹാബലി കഥയ്ക്ക് . പിൽക്കാലത്ത് കേരള സർക്കാർ അതിനേ കേരളത്തിന്റെ ഫെസ്റ്റിവൽ ആയി പ്രഖ്യാപിക്കയും ചെയ്തു. കമ്മ്യൂയൂണിസ്റ്റുകാരുടെ ഇതേ അടവ് വേറൊരു രൂപത്തിൽ ഈയിടെ ഹിന്ദുത്വ വാദികളും  എടുക്കാൻ തുടങ്ങിയിരിക്കുന്നു. ശശികല ടീച്ചർ വാമനനെ “സാമ്രാജ്യത്വത്തിന് എതിരെ കുഞ്ഞി കാലു വെച്ച സ്വാതന്ത്ര്യ സമര സേനാനി” എന്ന് വരെ പുലമ്പി നാട്ടുകാരെ ചിരിപ്പിച്ചു കളഞ്ഞു .സത്യത്തിൽ പുരാണ കഥയിലെ വാമനനും മഹാബലിയും  സാമ്രാജ്യ വാദികളോ വിരോധികളോ ഒന്നുമില്ലായിരുന്നു. രാഷ്ട്രീയ നിർവചനങ്ങൾ അത്ര നിർബന്ധമാണെങ്കിൽ രണ്ടു പേരും സാമ്രാജ്യ വാദികൾ ആയിരുന്നു എന്ന് പറയേണ്ടിയും വരും.

ചരിത്രപരമായി ഓണം എന്ന ആഘോഷം സംഘ കാലം തൊട്ട് മുത്തമിഴ് നാടുകളിൽ (ചേര ചോള പാണ്ട്യ നാടുകൾ ) പ്രചാരം ഉള്ള വിഷ്ണുവിനെ (മായോനെ) പ്രകീർത്തിക്കുന്ന ഒരു ജനകീയ ആഘോഷം ആയിരുന്നു. സംഘ കാല കൃതിയായ പത്തു പാട്ടുകളിൽ ഒന്നായ ” മധുരൈ കാഞ്ചി” എന്ന പാട്ടിൽ മധുരൈ നഗരിയിൽ ഓണം “ഓണ നന്നാൾ” ആയി 7 ദിവസം കൊണ്ടാടിയിരുന്നു എന്ന് കാണാം . അത് മായോനെ (വിഷ്ണുവിനെ) പ്രകീർത്തിച്ചുള്ള ജനങ്ങളുടെ ആഘോഷം ആണെന്നും…. അക്കാലങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി മറവ സമുദായം ആനകളെ വെച്ച് മത്സരം വരെ നടത്തിയിരുന്നു എന്നും സൂചിപ്പിക്കുന്നു. അന്നും അതിനു ജനകീയതയ്ക്കു ഒരു കുറവും ഉണ്ടായിരുന്നില്ല പക്ഷെ ഇന്നത്തെ പോലെ കഥാപാത്രങ്ങളെ സാമ്രാജ്യത്വ വിരുദ്ധ വീരന്മാരൊക്കെ ആക്കി ഉള്ള രാഷ്ട്രീയ ജനകീയതയല്ല എന്ന് മാത്രം . പിൽക്കാലത്തു ചേര നാട്ടിൽ ചേര പെരുമാക്കന്മാരുടെ കാലത്തു തൃക്കാക്കരയിൽ (തിരു – കാൽ – കര ) എല്ലാ നാടുവാഴികളും ഓണക്കാലത്തു വിഷ്ണുവിനെ തൃക്കാക്കരയപ്പനായി ആരാധിക്കാൻ പങ്കെടുക്കുന്ന പതിവും ഉണ്ടായിരുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ പറ്റാത്തവർ വീട്ടിൽ പൂക്കളം ഇട്ടു തൃക്കാക്കര അപ്പനെ (വിഷ്ണുവിനെ ) കളം വരച്ചു മണ്ണിൽ ഉണ്ടാക്കി നൈവേദ്യം സമർപ്പിക്കുന്ന പതിവും ഉണ്ടായി . ഇന്നും പലയിടത്തും ഓണപ്പൂക്കളത്തോടൊപ്പം തൃക്കാക്കരയപ്പനും പതിവുണ്ട് .

onam-1 കഥയുടെ യഥാർത്ഥ വേർഷനിൽ  മൂന്നു ലോകത്തെയും  കീഴടക്കി അധിപനായി വാണരുളിയ  മഹാബലിയെ മൂന്നു ലോകത്തിന്റെ അധിപൻ എന്ന പദത്തിൽ  നിന്നും സുതലത്തിലോട്ടു (സുതലത്തിന്റെ അധിപൻ മാത്രമായി ) വാമനൻ താഴ്ത്തി ചുരുക്കി എന്നും…. അടുത്ത മന്വന്തരത്തിൽ (സാവർണി മന്വന്തരം ) മഹാബലി ആയിരിക്കും സ്വർഗ്ഗത്തിന്റെ അധിപനായി ഇന്ദ്രപദം അലങ്കരിക്കുക എന്നും ഹൈന്ദവർ വിശ്വസിച്ചു പോകുന്നു. പ്രസ്തുത താഴ്ത്തി കെട്ടലിനു ഒരുക്കിയ  സന്ദർഭം ഒരു യാഗഭൂമിയിൽ നടന്ന ദാനം എന്ന് മാത്രം . കാരണം മഹാബലി തനിക്കു അവകാശപെടാത്ത സ്വർഗം പോലും കീഴടക്കി എന്ന് മാത്രമല്ല ഈശ്വര ഭക്തനായ മഹാബലിക്കു തന്റെ സത്ഗുണമായ ദാനശീലതയിൽ സ്വല്പം അഹങ്കാരവും ഉണ്ടായിരുന്നു. തനിക്കു അവകാശപ്പെടാത്തതു കൈ വശം വെക്കരുത് എന്നും അവനവന്റെ സത്ഗുണങ്ങളിൽ പോലും മനുഷ്യൻ  സ്വയം  അഹങ്കരിക്കരുത് ഇല്ലെങ്കിൽ അവനവൻ ചുരുങ്ങി പോകും എന്ന താത്പര്യം ആണ് വാമന – മഹാബലി കഥ ഹൈന്ദവർക്കു നൽകുന്നത്. അതിൽ സാമ്രാജ്യത്വ വാദിയും സാമ്രാജ്യത്വ വിരോധി തേങ്ങാക്കൊലയും മാങ്ങാ തൊലിയും ഒന്നുമില്ല എന്ന് സാരം.

യൂറോപ്പിലെ ക്രിസ്തുമസ്സ് പോലെ കേരളത്തിലെ ഹൈന്ദവർ ഓണത്തിനേ ഹൈന്ദവ ആഘോഷമായിട്ടും അല്ലാത്തവർ അത് ഒരു ജനകീയ ആഘോഷമായിട്ടും കൊണ്ട് നടക്കട്ടെ …അത് ജനകീയവും ഹൈന്ധവും രണ്ടും ആണ് അതിനേ ഒന്ന് മാത്രം ആക്കി ചുരുക്കാൻ ഒരു രാഷ്ട്രീയ വടം വലി അതിന്റെ ചരിത്രം പരിശോദിച്ചാൽ അനാവശ്യം ആണ് എന്ന് മനസിലാക്കാവുന്നതേ ഉള്ളൂ.

ഈ വക ആർക്കും ഉപകാരമില്ലാത്ത രാഷ്ട്രീയ പുലിക്കളിയിൽ   അകപ്പെട്ടു പക്ഷം ചേരില്ല എന്ന പ്രത്യാശയോടെ ഏവർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ .

onam2-1