ഹിന്ദു സമൂഹത്തിലെ ജാതി സംബ്രദായത്തെയും  വിവേചനത്തെയും കുറിച്ച്   കേൾക്കാത്തവരും ചർച്ച ചെയ്യാത്തവരുമായിട്ടുള്ള   അഭ്യസ്തവിദ്യർ ഇന്ന് കേരളത്തിൽ ഉണ്ടോ എന്ന് തന്നേ സംശയിക്കണം. എന്നാൽ പരസ്യമായി കേരളത്തിലെ പൊതു ചർച്ചാ  വേദികളിൽ  വിവേചനമാണെന്നു   ഇനിയും  അംഗീകരിക്കപ്പെടാതെ നിലനിൽക്കുന്ന  ഒരു പ്രതിഭാസമാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കാരോട് സുറിയാനി ക്രിസ്ത്യാനികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിലെ സിറിയൻ ക്രിസ്ത്യാനികൾ നടത്തി  പോരുന്ന  അസഹിഷ്ണുതയും ദുർവ്യവഹാരവും . 

സിറിയൻ ക്രിസ്ത്യാനികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരിൽ കത്തോലിക്കർ അല്ലാതെ ജാക്കോബൈറ്റുകൾ , മാർത്തോമൈറ്റുകൾ അങ്ങനെ കത്തോലിക്കാ സഭയിൽ പെടാത്ത മറ്റു തദ്ദേശീയ സഭകൾ വേറെയും ഉണ്ടെങ്കിലും ഇവരെല്ലാം ലത്തീൻ കത്തോലിക്കരെ ഒരു പോലെ അവഗണിക്കുകയും താഴ്ത്തികെട്ടുകയും വിവാഹത്തിൽ ഏർപ്പെടാൻ മടി കാണിക്കുകയും ചെയ്യുന്നു. ഇത് കേരളീയ നസ്രാണികളുടെ ഇടയിൽ വളരെ വികൃതവും വികലവും ആയി ആചരിച്ചു പോകുന്നു …. ഞാൻ പലപ്പോഴായി നേരിട്ട് കണ്ടറിഞ്ഞിട്ടും ഉണ്ട്.

കേരളത്തിലെ എന്റെ മലയാളി സുഹൃത്തുക്കളിൽ നല്ലൊരു പങ്കും സുറിയാനി ക്രിസ്ത്യാനികൾ ആണ്‌. അത് കൊണ്ട് തന്നേ ഈ സമൂഹത്തെ വളരെ അടുത്ത് നിന്നും ഇടപഴുകി അറിഞ്ഞിട്ടും ഉണ്ട്. ഒരു വിധം എല്ലാ വീടുകളിലും സ്ഥിര പല്ലവി കാണാം. ഞങ്ങളൊക്കെ ബ്രാഹ്മണർ മാർഗം കൂടിയവർ ആണെന്ന ഭോഷ്കു പറച്ചിൽ . ആയിരിക്കാം അല്ലായിരിക്കാം അതിലിപ്പോ എന്തിരിക്കുന്നു ? ക്രിസ്തുവിനു ബ്രാഹ്മണൻ ആരായിരുന്നു എന്ന് തന്നേ അറിയില്ലായിരുന്നു പിന്നെ മാർഗം കൂടിയവർ ബ്രാഹ്മണനായിരുന്നാൽ  എന്ത് പുലയൻ ആയിരുന്നാൽ എന്ത് ? ക്രിസ്തുമതം സ്വീകരിച്ച കേരളത്തിലെ ക്രിസ്ത്യാനി എന്തിനു ഞാൻ പണ്ട് ബ്രാഹ്മണൻ ആയിരുന്നു എന്ന് ഈ 2016 ലും ഭോഷ്കു പറയണം ? അവനവൻ ജീവിക്കുന്ന സമൂഹത്തിലെ ഹിന്ദുക്കളിലെ മുന്തിയ വർഗം ബ്രാഹ്മണരായതു കൊണ്ട് അവരോളം അവനവനെ വെച്ച് കെട്ടി പൊക്കാൻ ഒരു തരം തരം താണ ആത്മ പ്രശംസ…അതിനു പറ്റിയ കുറെ പാരമ്പര്യ കഥകളും. നാല് പുത്തൻ കയ്യിൽ വന്നപ്പോൾ അടുത്തുള്ള ഇല്ല പറമ്പു വാങ്ങിച്ചു ആ പേര് കുടുംബ പേരാക്കി കാശ് കൊടുത്തു ബ്രാഹ്മണ ബന്ധം ഉണ്ടാക്കുന്ന കുടുംബ ചരിത്രം എഴുതിയ സുറിയാനി ക്രിസ്ത്യാനി വരെ കേരളത്തിൽ ഉണ്ട്. ആരും കാണാത്ത ബ്രാഹ്മണ മഹിമ പറഞ്ഞു നടക്കുന്ന സുറിയാനി ക്രിസ്ത്യാനിയെക്കാളും മെച്ചം യഥാർത്ഥ ബ്രാഹ്മണ സംബന്ധം കൊണ്ടുണ്ടായ പൈതൃകത്തിൽ അഭിമാനിക്കുന്ന നായർ-അന്തരാള ജാതികൾ തന്നെയാണ്. ഒന്നുമില്ലേൽ ഉള്ള സംബന്ധത്തിന്റെ പൈതൃകം അല്ലേ പറയുന്നുള്ളൂ എന്നു സാരം.

കേരളത്തിൽ 15 ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ വരുന്നതിനും മുൻപ് തന്നേ തദ്ദേശീയ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്നും പിൽക്കാലത്ത് സിറിയൻ ഭദ്രാസനവും ആയി തദ്ദേശീയ ക്രിസ്ത്യാനികൾ ബന്ധം പുലർത്തി എന്നതുമൊക്കെ ഒരു ചരിത്ര വസ്തുത ആണ്‌ …അതിനു ചരിത്രപരമായി തെളിവുകളും ഉണ്ട് . ആയതിനാൽ അതിനോടൊന്നും ആർക്കും വിയോജിപ്പും ഇല്ലാ. എന്നാൽ ആ തദ്ദേശീയ ക്രിസ്ത്യാനികൾ ബ്രാഹ്മണർ മാർഗം കൂടിയതാണ് എന്നതിന് യാതൊരു വിധ ചരിത്ര രേഖകളോ തെളിവുകളോ ഇല്ലാ. കുറെ പള്ളികളും പട്ടക്കാരും കുടുംബങ്ങളും കൊട്ടി ഘോഷിക്കുന്ന ഒരു പറ്റം മെനഞ്ഞെടുത്ത ബ്രാഹ്മണ കഥകൾ മാത്രമാണ് അവ. പിന്നെയും ഉണ്ട് നൂലാ മാല . ഒരു തോമാശ്ലീഹാ കഥ. സുറിയാനി കത്തോലിക്കരുടെ ആ കഥ സ്വയം മാർപ്പാപ്പ പോലും അംഗീകരിച്ചു കൊടുത്തുട്ടില്ല പിന്നല്ലേ ചരിത്രകാരന്മാർ. സൺ‌ഡേ ക്ളാസുകളിൽ ചക്ക കുഴച്ചതു പോലെ കുറെ ഐതിഹ്യ കഥകൾ കുട്ടികളുടെ തലയിൽ പള്ളിയും പട്ടക്കാരും കുടുംബാങ്ങങ്ങളും കൂടി കേറ്റി കൊടുക്കും …അതും കേട്ട് ഈ ബ്രാഹ്മണപുത്രർ ലത്തീൻ കത്തോലിക്കരുടെ പെരടിക്കു കേറിക്കോളും….കഷ്ടം.

അടുത്തിടെ എന്റെ അമ്മയോട് ഒരു ക്രിസ്ത്യൻ കൂട്ടുകാരി വേളാങ്കണ്ണിക്ക്‌ വരുന്നോ എന്ന് ചോദിച്ചു . ആനയെ തളച്ച കുറ്റി തേവരാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ പോലും തൊഴാൻ റെഡി ആയി നിൽക്കുന്ന ഹിന്ദുവിന് വേളാങ്കണ്ണി മാതാവിനോട് ഭക്തി ഉണ്ടാക്കി എടുക്കാനാണോ ബുദ്ധിമുട്ടു . “ഓ ” ഞാൻ റെഡി എന്ന് അമ്മ. ഒരു പിക്നിക് പോലെ എല്ലാരേം കൂട്ടി പോവാം എന്ന സന്തോഷത്തിൽ അമ്മ വേറെയും ക്രിസ്ത്യൻ കൂട്ടുകാരികളെ വിളിച്ചു ആളെ കൂട്ടാൻ ശ്രമിച്ചു . അമ്മ ആരുടെ കൂടെ ആണ്‌ പോവാൻ ഉദ്ദേശിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ അവർ ഊരാൻ തുടങ്ങി . സുറിയാനി മഹിമകളെ കുറിച്ചൊന്നും വെല്യ ബോധം ഇലാത്ത അമ്മ ചോദിച്ചു “നിങ്ങളെന്താ അയമേട കൂടെ വരാത്തത് നിങ്ങളരെല്ലാവരും ക്രിസ്ത്യൻസ് അല്ലേ ? “….. ഉടനെ വന്നു മറുപടി “അതെ പക്ഷെ അവര് ലാറ്റിനാ” ….പിന്നെ പതുങ്ങിയ സ്വരത്തിൽ “ലോ കാസ്റ്റാ നിർമലാ”… തരിച്ചു നിന്ന അമ്മയോട് അവർ ബ്രാഹ്മണ മഹിമ കഥയും കൂട്ടി ഉരുള പരുവത്തിൽ കുറെ ഗാസടിച്ചു കൊടുത്തു . പിന്നെ “ലാറ്റിനുകാർക്കു സംസ്കാരം കുറവാ നിർമലാ ..ഞങ്ങള് അവരെ കല്യാണം കഴിക്കില്ലാ”…..ഇങ്ങനെ അവനവൻ ചെയ്യുന്ന വൃത്തികേട് മുഴുവൻ എന്തോ വെല്യ കാര്യം പോലെ അമ്മയോട് കെട്ടി എഴുന്നള്ളിച്ചു. നിന്ന നിപ്പിൽ വിയർത്തു പോയ എന്റെ അമ്മ എന്നേ ഉടനെ കാര്യം ബോധിപ്പിച്ചു . നേരത്തെ ഇത് കുറേ കണ്ടും കേട്ടും ശീലമുള്ള ഞാൻ അമ്മയെ കാര്യത്തിന്റെ കിടപ്പു വശം മനസിലാക്കിപ്പിച്ചു കൊടുത്ത ശാന്തപെടുത്തി .

കുലമഹിമ പറയുന്നതിൽ തെറ്റില്ല …അവനവന്റെ കുലത്തിനു പ്രവർത്തി കൊണ്ട് മഹിമ ഉണ്ടെങ്കിൽ അത് ഒളിച്ചു മറച്ചു നാണിക്കേണ്ട ഒരു ആവശ്യവും ഇല്ലാ …ഇനി പാരമ്പര്യം കൊണ്ട് മഹിമ പറയണമെങ്കിൽ ക്രിസ്തു മതവുമായി ബന്ധമുള്ള വല്ല പാരമ്പര്യത്തിന്റെ മഹിമയും പറഞ്ഞോട്ടെ …..അല്ലാതെ അവനവനെ സ്വയം ബ്രാഹ്മണനാക്കി മറ്റു ക്രിസ്ത്യാനികളെ പുലയരും മുക്കുവനും ആണെന്ന് താഴ്ത്തി കെട്ടി ഈ 2016 ലും ഞെളിഞ്ഞു നടന്നു – “ഞങ്ങൾ അവരെ കല്യാണം കഴിക്കില്ലാ, അവർ ലോ ക്ലാസ്സ് ആണ്‌ …. ഞങ്ങൾ വെല്യ സംസ്കാരം ഉള്ള സുറിയാനി തേങ്ങാക്കൊല ആണ്‌ ” എന്നൊക്കെ പറയുന്നതിൽ ….സോറി കേൾക്കുന്നവർക്ക് ഒരു സംസ്കാരവും കാണാൻ സാധിക്കുന്നില്ല …വെറും പുച്ഛം മാത്രം. ഇനി ബ്രാഹ്മണ മഹിമ പറയാൻ അത്ര ത്വര ആണേൽ പറഞ്ഞോ …അതിലും തെറ്റ് കാണുന്നില്ല പക്ഷെ പാവം ലത്തീൻ കത്തോലിക്കനെ  ചവിട്ടി പാതോളത്തിലോട്ടു താഴ്ത്തേണ്ട വല്ല ആവശ്യവും ഉണ്ടോ ?

അവർണനെ ബഹുമാനിക്കാൻ കഴിയാത്ത സവർണ ബൂർഷയും ലത്തീൻ കത്തോലിക്കരെ ബഹുമാനിക്കാൻ കഴിയാത്ത സുറിയാനി ബൂർഷയും ഒരു തൂവൽ പക്ഷികൾ ആണ്‌ . വിവേചനം അതിന്റെ അടിക്കുറിപ്പാണ് .

margamkali