ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുന്നതിനോട് എനിക്കൊരിക്കലും എതിർപ്പ് തോന്നിയിട്ടില്ല …പട്ടിണി പാവങ്ങൾ ഉള്ള ഇന്ധ്യാ മഹാരാജ്യത്തു ആ വക പരിപാടികൾ ഒക്കെ പ്രകീർത്തനീയം . വല്ലപ്പോഴും നടത്തുന്ന മഹായാഗാധി കർമങ്ങളിൽ നെയ് പദാർത്ഥങ്ങളും മറ്റും ചുട്ടെരിക്കുന്നതിനേ  വിശേഷാൽ ചടങ്ങുകൾ എന്ന് ചൊല്ലി വേണമെങ്കിൽ കണ്ണടക്കാനും എനിക്ക് വിരോധമില്ല . എന്നാൽ നിത്യേന ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ബിംബങ്ങളെയും വിഗ്രഹങ്ങളെയും പാലിലും തൈരിലും തേനിലും ഒക്കെ കുളിപ്പിച്ചെടുത്തു അഭിഷേകം ചെയ്യുന്ന പരിപാടി പലപ്പോഴും മഹാ അക്രമമായിട്ടു തന്നേ എനിക്ക് തോന്നിയിട്ടുണ്ട്. നീതി ബോധവും സാമൂഹ്യ ബോധവുമില്ലാത്ത ഇപ്രകാരം ഭോഷ്ക്കുകൾക്കു “ഫിലോസഫിയുടെ” വിഴുപ്പു ഭാണ്ഡം വെച്ച് കെട്ടേണ്ട ഒരു ആവശ്യവും ഇല്ലാ. 29 പോയിന്റോടെ ഗ്ലോബൽ ഹങ്കർ ഇൻഡക്സിൽ 20 ആമത്തെ സ്ഥാനത്തു നിൽക്കുന്ന ഇന്ധ്യയുടെ അവസ്ഥ “ഗൗരവ പൂർണം” ആണ്‌. “വല്ല ഉഗാണ്ടയിലും ആയിരിക്കും” എന്ന് കളിയാക്കി പറയുന്ന ഉഗാണ്ട വരെ ഇന്ധ്യയെക്കാളും മെച്ചപെട്ട അവസ്ഥയിൽ ആണ്‌ – ഉഗാണ്ട 30 ആം സ്ഥാനത്താണ്. ഗ്ലോബൽ ഹങ്കർ ഇൻഡക്സിൽ നമ്മളെക്കാളും മെച്ചപ്പെട്ട അവസ്ഥയിൽ ആണവർ എന്ന് സാരം.

ലോകത്തിലെ ആകമൊത്തം തൂക്ക കുറവുള്ള  കുട്ടികളുടെ 42 % ഇന്ധ്യയിൽ ആണ്‌…..നമ്മുടെ കൗമാര പ്രായത്തിലുള്ള  പെൺകുട്ടികളിൽ 47 %  പോഷണക്കുറവ് അനുഭവിക്കുന്നു. ഏകദേശം  5000 കുട്ടികളോളമാണ് ഇന്ധ്യയിൽ പ്രതിദിനം പോഷണക്കുറവ് കൊണ്ട് മരിക്കുന്നതു. ഇത്രയ്ക്കു പോഷണ ദാരിദ്ര്യമുള്ള  ഈ നാട്ടിൽ  പതിനായിരക്കണക്കിന് ക്ഷേത്രങ്ങളിൽ  നിത്യേന പാലിൽ തന്നേ തേവരെ കുളിപ്പിക്കാണോ ? വൈദിക സംസ്കാരത്തിന്റെ പ്രജ്ഞയായും  പരാർത്ഥ സേവയ്ക്കുമായി  വേണ്ടി നിലനിൽക്കേണ്ട ബ്രാഹ്മണ സമൂഹത്തിനും  അർച്ചകർക്കും  ആഗമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ വകുപ്പുകൾ ഉണ്ടായിട്ടും ചെയ്യാത്തതെന്തേ  ? “സ്വസ്തി പ്രജാഭ്യാം പരിപാലയം താം” എന്നും “ലോകാ:  സമസ്താ: സുഖിനോ ഭവംതു” എന്നൊക്കെ പ്രജാ ക്ഷേമ പരിപാലനവും സമസ്ത ലോക സുഖത്തിനും വേണ്ടി മംഗള മന്ത്രം പാടുന്ന ഒരു മതത്തിന്റെ ജനതയ്ക്ക് ഇത്ര ബോധമില്ലാണ്ടായി പോകുന്നതെങ്ങനെ ?  …കഷ്ടം.