മിട്ടു മുയലിന്റെ തലയിൽ വീണ ചക്കക്കു കല്ലെറിയാൻ പോയ ഹിന്ദു യുക്തിവാദി തന്റെ വീട്ടിൽ അച്ഛൻ അനിയന്റെ ഉപരി പഠനത്തിന് നീക്കി വെച്ച പൈസയിൽ നിന്ന് 2 ലക്ഷം അധികം കൊടുത്തു കന്നിമൂലയിൽ കക്കൂസില്ലാത്ത ഫ്‌ളാറ്റിന് ഇറക്കുമ്പോൾ കണ്ണടക്കുന്നു. ഡിങ്കന് സ്ത്രോത്രം ചൊല്ലി സംഘികളെ പയറ്റുന്ന മുസ്‌ലിം യുക്തിവാദി കറപ്പിൽ തളച്ചിടപ്പെടുന്ന തന്റെ സ്വന്തം “അമ്മ പെങ്ങന്മാരുടെ” ജീവിതത്തെ വ്യക്തി സ്വാതന്ത്ര്യം എന്ന് ന്യായികരിച്ചു അവഗണിക്കുന്നു . ഇങ്ങനെയുള്ള വിരോധാഭാസങ്ങളിലൂടെ നമ്മൾ യഥാർത്ഥത്തിൽ സൃഷ്ടിച്ചെടുക്കുന്നതു സ്വയം ആത്മപരിശോധനയ്ക്കു തുനിയാത്ത സാമൂഹിക പുരോഗതി, സമത്വം എന്നിവയെ കാര്യമായി ഹനിക്കാൻ പ്രാപ്തി ഉള്ള കപട ആക്ടിവിസ്റ്റുകളെ ആണ് . ഇവരുടെ യുക്തിവാദം പലപ്പോഴും അന്യരെ വിമർശിച്ചു കൊണ്ട് വികൃത ആനന്ദം കാണുന്ന പ്രവണത മാത്രമായി ചുരുങ്ങി പോകുന്നു – ഒരു പേരെടുക്കൽ യജ്ഞം ….അത്രമാത്രം . ആയതിനാൽ സമൂഹ പുരോഗതിക്കു വേണ്ടി സമകാലീന യുക്തിവാദികൾ ഏതിനോടു എങ്ങനെ എത്ര പ്രതികരിക്കണം പ്രതികരിക്കാതിരിക്കണം എന്ന കൃത്യമായ ഒരു ബോധം നമ്മൾ വളർത്തിയെടുക്കേണ്ടതില്ലേ ?

യുക്തിയുടെയും ശാസ്ത്രത്തിന്റെയും വില്പന മൂല്യം മനസിലാക്കിയ സാക്കിർ നായിക് തൊട്ടു ഗോപാലകൃഷ്ണൻ വരെ ഉള്ളവർ ഖുർആനിലെയും ഗീതയിലേയും വാചകങ്ങളിലെ ശാസ്ത്രത്തിന്റെ മേന്മ കാണിച്ചു മതത്തെ വിൽപ്പന ചരക്കാക്കാൻ തുടങ്ങിയ കാലമാണിത്. യുക്തിക്കു നിരക്കാത്തതെന്തും അന്താവിശ്വാസങ്ങൾ എന്ന ഒരു പരിഭാഷ നിലനിൽക്കെ ….കേവല യുക്തിയിൽ തെളിയാത്തതെന്തിനേയും അന്ധവിശ്വാസം എന്ന് മുദ്ര കുത്തി നമ്മൾ സകലത്തിനോടും മല്ലിടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം സമകാലീന കേരളത്തിൽ ഇന്ന് ഏറെ പ്രസക്തി അർഹിക്കുന്നു . സ്വയം പുരോഗമിച്ചു എന്നഹങ്കരിക്കുന്ന സമൂഹങ്ങളിൽ പോലും യുക്തിബോധമില്ലാത്ത പലതും നമ്മുക്ക് കാണാം, അവയോടെല്ലാം തന്നെ പ്രതികരിച്ചു വഷളാക്കേണ്ട ആവശ്യം നമ്മുക്കിന്നില്ല എന്ന അഭിപ്രായക്കാരാണ് ആണ് ഞാൻ.. പുരോഗതി, ആരോഗ്യം, സമത്വം, എന്നിവയെ കാര്യമായി വിഘ്‌നപ്പെടുത്തുന്നതിനെ മാത്രം തിരഞ്ഞെടുത്തു പ്രതികരിച്ചാൽ മതി . ഈ പശ്ചാത്തലത്തിൽ നമ്മൾ കേരളീയർ ചിന്തിച്ചെടുക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന “വാസ്തു” വിനോടുള്ള ലഹരി .

വാസ്തു ഫ്‌ളാറ്റുകളും , വാസ്തു ഗ്രാമങ്ങളും കേരളത്തിൽ ഇന്ന് ഒരു വെല്യ കമ്പോളമാണ് . ജോലിക്കു പോയി വരാനുള്ള പ്രായോഗിക സൗകര്യം നോക്കാതെ അകലെ ഉള്ള വാസ്തു ഫ്‌ളാറ്റിൽ ജീവിക്കുന്നവർ ഇന്ന് കേരളത്തിൽ കുറച്ചൊന്നും അല്ലാ. ഓരോ പ്രാവശ്യം കുടുംബത്തിൽ ആർക്കെങ്കിലും ഒരു കഷ്ടപ്പാട് വരുമ്പോൾ നിരന്തരം ജനാലയും വാതിലുകളും മുറികളും മാറ്റി പണിതു കൊണ്ടേ ഇരിക്കുന്ന വിദ്ധ്വാൻമാരും കേരളത്തിൽ അനവധി. യഥാർത്ഥത്തിൽ ഇതിനായിരുന്നോ വാസ്തു എന്ന നിർമാണ വിദ്യ മനുഷ്യൻ ക്രോഡീകരിച്ചെടുത്തത് ? കാലാകാലങ്ങളായി ഭാരതത്തിൽ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കടഞ്ഞെടുത്ത (പല ന്യൂനതകൾ ഉണ്ടെങ്കിൽ പോലും) ജ്ഞാനധിഷ്ഠിതമായ ഒരു നിർമാണ വിദ്യയാണ് വാസ്തു വിദ്യ . അതിനു ഒരു സാങ്കേതിക അന്തസത്ത ഉണ്ട് . അവയിൽ ഒരു പക്ഷെ ഇന്നും ആധുനിക ലോകത്തിനു പ്രായോഗിക ഗുണ യോഗ്യതയുള്ള ശകലങ്ങൾ ഉണ്ടായിരിക്കാം….. ഉണ്ടാവാതിരിക്കാം. പക്ഷെ അവ അരിച്ചു തിരിച്ചു എടുക്കുന്നതെങ്ങനെ ? നമ്മുടെ നാട്ടിലെ പല ഉന്നത എൻജിനിയറിങ് സർവകലാശാലകൾക്കും മനസ്സിരുത്തിയാൽ ഗവേഷണത്തിലൂടെ വാസ്തു വിദ്യയിൽ നിന്നും സമകാലീന നിർമാണ വിദ്യയിൽ ഇന്നും ഉപയോഗപ്രദമായിട്ടുള്ള ശകലങ്ങൾ മാത്രം അരിച്ചെടുത്തു മറ്റുള്ളവയെ നിശ്ശേഷം തള്ളി കളയാനുള്ള പ്രാപ്തിയുണ്ട്. എന്നിട്ടു ഇന്ന് പലേടത്തും വാസ്തു ഗവേഷണം എന്ന പേരിൽ നടക്കുന്നവർ ഇതാണോ ചെയ്യുന്നത് ? ഒന്നുകിൽ  നമ്മൾ സ്വീകരിക്കാൻ മടിച്ചു  വാസ്തുവിനെ ഒന്നടങ്കം അടച്ചു ആക്ഷേപിക്കിക്കാനുള്ള കൂട്ടുകൾ അന്വേഷിച്ചെടുക്കുന്നു അല്ലെങ്കിൽ അത് വിറ്റഴിക്കാൻ വേണ്ടി അവയിൽ യുക്തിയില്ലാത്ത ശകലങ്ങൾക്കു പോലും ശാസ്ത്രീയ പരിഭാഷ ചാർത്തി കൊടുത്തു പ്രചാരണം നടത്തുന്നു . ഇരു പക്ഷങ്ങളുടെ അന്വേഷണങ്ങളും ഒരു വിധത്തിലും സമൂഹത്തിനു ഉദകുന്നില്ല…. വാദിക്കാനും അന്യോന്യം കയർത്തു കേറാനും മാത്രമായി അത് അവശേഷിക്കുന്നു .

വാസ്തു വിദ്യയെ കാലാനുസൃത പരിഷ്കരണത്തിൽ നിന്നും അകറ്റി നിർത്തി മത വിശ്വാസത്തിന്റെ ചട്ടക്കൂടുകളിൽ മാത്രം ഒതുക്കി ഒരു ശാസിക്കപ്പെട്ട ശാസ്ത്രമാക്കി ജനങ്ങളെ പേടിപ്പിച്ചും കൊതിപ്പിച്ചും പൊതിഞ്ഞു കെട്ടി വിറ്റഴിക്കുമ്പോഴാണ് ആ വിദ്യ യഥാർത്ഥത്തിൽ നമ്മുടെ സമൂഹത്തിൽ ലഹരിയും വിനയും ഒക്കെ ആയി മാറുന്നത് . പഴയ വിദ്യകൾ ഒന്നടങ്കം തള്ളിക്കളയേണ്ടവ ആണെന്നും പുതിയ വിദ്യകൾ ഒന്നും വിശ്വാസയോഗ്യത ഉള്ളതല്ല എന്നും ഉള്ള രണ്ടു വാദങ്ങളും തെറ്റാണ്. സ്വയം സമ്പൂർണമെന്നു അഹങ്കരിക്കുന്ന ഏതു സാങ്കേതിക വിദ്യയും അത് പുതുതായാലും പഴയതായാലും വളർച്ച മുരടിച്ചു നാമാവശേഷം ആവും എന്ന സത്യം നമ്മൾ ഓർക്കേണ്ടിയിരിക്കുന്നു .നല്ലതും മോശവും എല്ലാ വിദ്യകളിലും ഉണ്ട് ….ആയതിനാൽ അതിനെ മുൻവിധികൾ കൂടാതെ പഠിച്ചു പ്രായോഗികത അനുസരിച്ചു ശകലങ്ങൾ തിരഞ്ഞു ഉപയോഗിക്കുന്ന സമൂഹമാണ് പുരോഗമിക്കുന്ന സമൂഹം. നിരർത്ഥകമായ അന്യോന്യം പഴിചാരലുകൾക്കും അപവാദങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടി മാത്രം പഠനങ്ങൾ നടത്തുന്നതിന് പകരം ഒരു പക്ഷെ യുക്തിവാദികളും വാസ്തുവാദികളും കൈ കോർത്ത് സിദ്ധിച്ച അറിവുകൾ പകർന്നും എടുത്തും വസ്തുവിലെ നെല്ലും പതിരും വേർതിരിച്ചു സമൂഹത്തിനു നൽകുകയാണ് വേണ്ടത് . അതില്ലാത്തടുത്തോളം കാലം രാഷ്ട്രീയക്കാരെ പോലെ പക്ഷം ചേർക്കാൻ ഇറങ്ങിയ രണ്ടു സംഘടനകൾ മാത്രമായി ഇരുകൂട്ടരും താണു പോകും.