മലയാളിയുടെ ഡി എൻ എ  യിൽ കണ്ണുകടിയും തൊഴുത്തൂക്കുത്തും പത്രാസ് കാണിക്കലും  സ്വതസിദ്ധമായി അലിഞ്ഞു ചേർന്നിട്ടുണ്ടോ എന്ന് എനിക്ക് പലപ്പോഴായി തോന്നിയിട്ടുണ്ട് . സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മലയാളിക്ക് പോലും അസാധാരണമായി എന്തിലും ഏതിലും കുറ്റം കാണാനും, പറ്റുമെങ്കിൽ ഒരു പാര വെക്കാനും പ്രത്യേക ഒരു കഴിവുണ്ട് . അത് കൊണ്ട് തന്നേ ഒരു മലയാളി മറ്റൊരു മലയാളിയെ ആത്മാർഥമായി പ്രശംസിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത്  വളരേ ദുർലഭമാണ്. വെറുതെയാണോ മലയാളികൾക്ക് നാട് വിടാൻ ഒരു മടിയുമില്ലാത്തത് ? എത്രയും വേഗം രണ്ടു പുത്തനുണ്ടാക്കി ഞെളിഞ്ഞു നടക്കാൻ മാത്രം ആഗ്രഹിക്കുന്ന നമ്മുക്ക് ഇന്ന് നാട്ടിൽ ഒരു കൂര പൊക്കി കെട്ടണമെങ്കിൽ പോലും തമിഴനെയോ ബീഹാരിയെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് . തമിഴ്‌നാട്ടിലെ വിഷമടിച്ച പച്ചക്കറിയും , ഹോർമോണ്‍ കുത്തി വെച്ച കോഴിയും വെട്ടി വിഴുങ്ങി , വീശാൻ രണ്ടു പെഗ്ഗിനുവേണ്ടി, കുണ്ടും കുഴിയും നിറഞ്ഞ നമ്മുടെതെന്ന് മാത്രം അഭിമാനിക്കാവുന്ന റോഡിലൂടെ തേരാപാര അലയുമ്പോൾ , നമ്മുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത് നമ്മുടെ സാമൂഹ്യബോധമാണ്. നമ്മുടെ നാട് നന്നാവണമെങ്കിൽ നമ്മൾ തന്നേ മനസ്സ് വെക്കണം. നാല് കാശുണ്ടാക്കാൻ വരുന്ന തമിഴനോ ബീഹാറിയോ അതിനു വേണ്ടി വിയർപ്പൊഴുക്കില്ല. ആദ്യം നമ്മൾ ചിന്തിക്കുന്ന രീതി പിന്നേ നമ്മൾ പ്രവർത്തിക്കുന്ന ശൈലി, ഇത് രണ്ടും നമ്മൾ കാലക്രമേണ മാറ്റേണ്ടത് അനിവാര്യമാണ് .

തുമ്മിയാൽ മുദ്രാവാക്യം വിളിക്കുന്ന കേരളത്തിലേ തൊഴിലാളി സഖാക്കളേ, പണി എടുത്താലേ ചക്രം കിട്ടുള്ളൂ എന്ന് പഠിപ്പിക്കാനുള്ള ആണത്തം മലയാളി വളർത്തി എടുക്കണം. അയൽക്കാരൻ നല്ലത് ചെയ്യുന്നത്  കണ്ടാൽ അവനെ ഒന്ന് താഴ്ത്തി കെട്ടിയാലെ ഞാൻ നല്ലവനാവുള്ളു എന്ന വികൃത മനോഭാവം ഉപേക്ഷിച്ചു, നല്ലത് കണ്ടാൽ അതിനേ പ്രോത്സാഹിപിക്കാനും പ്രശംസിക്കാനുമുള്ള വിശാലത നമ്മൾ കടഞ്ഞു എടുക്കേണ്ടിയിരിക്കുന്നു . ഗാന്ധി ജയന്തിക്കു മാത്രം സ്കൂളിൽ നിന്നും ചൂല് എടുത്തു ഇറങ്ങിയാൽ പോരാ കുപ്പ കുപ്പതൊട്ടിയിലേ ഇടാൻ പാടുള്ളൂ എന്ന് നമ്മുടെ മക്കളെ നമ്മൾ പഠിപ്പിക്കണം. സ്വന്തം മക്കൾ ” കൊരച്ചു കൊരച്ചു ” മാത്രമേ മലയാളം അറിയുള്ളൂ എന്ന് അഭിമാനിക്കുന്നതിനു പകരം  മലയാളിയും മക്കളിൽ  മലയാള ഭാഷയും എഴുത്തും വീട്ടിൽ പഠിപ്പിക്കുന്നതിൽ  അഭിമാനം കണ്ടു  തുടങ്ങണം. അന്യ നാട്ടിൽ പോയാലും  ചോറും കറിയും  നിത്യേന  ഒരു നേരമെങ്കിലും ഇല്ലേൽ തൊണ്ടക്കു താഴേ ഒന്നും ഇറങ്ങാത്ത പ്രവാസി മലയാളി പിള്ളേരുടെ അണ്ണാക്കിൽ മലയാളം നാലക്ഷരം കുത്തികയറ്റിയാൽ എന്താ വള ഊരി പോകുമോ ?   അവനവന്റെ ലൈംഗികത അടക്കാൻ  വയ്യാതെ  വരുമ്പോൾ ഊട്ടിക്കും ഗോവയ്ക്കും ട്രിപ്പടിച്ച ശേഷം ഒരു പൈന്ടടിച്ചു  നാട്ടിലെ അയൽക്കാരന്റെ  അച്ചിക്ക്‌  കുലുസിതം പറയുന്ന  പകൽ മാന്യന്മാരായിട്ടു നാടിനോ അവനവനോ ഒരു പ്രയോജനവുമില്ല . വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ കേരളം മുന്നോട്ടാണെന്നു നെഞ്ചു വിരിച്ചു കൊട്ടി ഘോഷിച്ചാൽ മാത്രം പോരാ അതിനൊത്ത ദർശന വ്യാപ്തിയും മനോബലവും നമ്മൾ മലയാളികൾ വളർത്തി എടുക്കേണ്ടി ഇരിക്കുന്നു. കേരളം നമ്മുടെ നാടാണെന്നും നമ്മൾ കൂട്ടായ്മയിലൂടയെ പുരോഗമിക്കു എന്നും ഒരു അവബോധം വേണം. അതിനു നമ്മൾ ഒരു ഗാന്ധിയോ വിനോഭാ ഭാവയോ ഒന്നും ആവേണ്ട ആവശ്യമില്ല , ചെറുതോ വലുതോ പ്രത്യക്ഷമായോ പരോക്ഷമായോ നമ്മളാൽ ആകുന്നെതെന്തും നമ്മൾ എവിടെ ആയിരുന്നാലും കേരള സമൂഹത്തിനു വേണ്ടി ചെയ്യാൻ  കച്ച കെട്ടിയാൽ മാത്രം മതി. അണ്ണാൻ കുഞ്ഞും തന്നാൽ ആയതു എന്നല്ലേ ?