ഈയിടെ ജർമനിയിൽ ഒരു ട്രെയിനിൽ ഒരു 17 കാരൻ അഫ്ഗാൻ അഭയാർത്ഥി മഴുവും കത്തിയും ആയി അല്ലാഹു അക്ബർ എന്നൊക്കെ മുഴക്കി 3 പേരെ നിർദ്ദയം കൊന്നു …ചെറുക്കനെ പോലീസ് കാർ വെടി വെച്ചു കൊല്ലുകയും ചെയ്തു. യൂറോപ്പിൽ കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളിൽ ഒരു മത വിഭാഗത്തിൽ പെട്ടവരുടെ അക്രമ വാദം അനവധി ഉണ്ടായിട്ടുണ്ട് ..പലപ്പോഴും അഭയാർത്ഥികൾ മാത്രമല്ല ഇവിടെ ജനിച്ചു വളർന്ന സമ്പന്ന കുടുംബങ്ങളിൽ നിന്നുമുള്ള രണ്ടാം തലമുറക്കാർ വരെ ഉണ്ട് ഈ കൂട്ടത്തിൽ. ഫ്രാൻസിൽ ജനിച്ചു വളർന്ന മൊറോക്കൻ വംശജൻ  ദൂരെ എങ്ങോ കിടക്കുന്ന അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക ബോംബിട്ടത് എന്റെ സഹോദരരെ ആണെന്ന് പറഞ്ഞു അവനവൻ ജനിച്ചു വളർന്ന നാട്ടിൽ ബോംബ് പൊട്ടിക്കുന്നത് യുക്തിഹീനമായ വാദമായിട്ടേ എനിക്കു തോന്നിയിട്ടുള്ളൂ. ഇങ്ങനെ എണ്ണം കൂടി വരുന്ന അക്രമണങ്ങളിലൂടെ മാറി കൊണ്ടിരിക്കുന്നത് യൂറോപ്പിലെ സാമാന്യ ജനതയിലെ രാഷ്ട്രീയ ബോധം ആണ് . ഇടതു ചായ്‌വുള്ള പല യൂറോപ്പ്യൻ കൂട്ടുകാർ  തങ്ങളുടെ സ്വന്തം നാട്ടിൽ കുടിയേറ്റക്കാരായി കേറി വന്ന ഇതര വംശജർ ഈശ്വര നാമത്തിൽ കാണിച്ചു കൂട്ടുന്ന പോക്കിരിത്തരം കാണുമ്പോൾ ഇപ്പോൾ വലതു ചായുന്നു … ഉയർന്നു വരുന്ന യൂറോപ്പിലെ വലതു പക്ഷം ഉപയോഗിക്കുന്ന ന്യായം ” ഈ മതം പ്രത്യേകത ഉള്ളതാണ് അതിനൊരുപാട് അസഹിഷ്ണുത ഉള്ള മതമാണ് ….അന്യ വംശജർ പ്രശ്നക്കാരാണ് “.

അതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ പറയാൻ മാത്രം എനിക്കു ആ മതത്തിൽ പാണ്ഡിത്യം ഇല്ല പക്ഷെ എനിക്കു കൂട്ടുകാരുടെ ആ വാദത്തിൽ അടങ്ങിയിട്ടുള്ള വിദ്വെഷ ബുദ്ധിയോടു എതിർപ്പുണ്ട് . ഇതൊക്കെ ഇരിക്കെ എനിക്കു ഇതിലൊക്കെ ഉപരി യഥാർത്ഥത്തിൽ ഭയം തോന്നിയിട്ടുള്ളത് മതത്തിലെ മിതവാദികളുടെ വാദത്തിൽ ആണ്. ഇതു എന്റെ മതത്തിലെ യഥാർത്ഥ അനുയായികൾ അല്ലാ….എന്റെ മതം ഇതൊന്നും പഠിപ്പിക്കുന്നതല്ല എന്നു പറയുന്ന വാദത്തോടും ആണ് . എന്നെ സംബന്ധിച്ചിടത്തോളം ശ്രീ രാമ നാമം ജപിച്ചു പള്ളി തകർത്തവർ എന്റെ മതത്തിലെ നികൃഷ്ടർ തന്നെ ആണ് . എന്റെ മതഗ്രന്തങ്ങൾ അങ്ങനെ പഠിപ്പിക്കുന്നില്ല അതു കൊണ്ടിവർ യഥാർത്ഥ ഹിന്ദുക്കൾ അല്ല എന്ന കുദണ്ഡ വാദം പറഞ്ഞു ഞാൻ അക്രമ വാദികളായ ഹിന്ദുക്കളുടെ അന്യായങ്ങളിൽ നിന്നും എന്റെ മതത്തെ ജാമ്യത്തിൽ ഇറക്കുകയും ഇല്ലാ. ഹൈന്ദവ പുരാണങ്ങളിലും , ബൈബിളിലെ പഴയ നിയമത്തിലും , ഖുർആനിലും ഹദീഥിലും ഒക്കെ പല നന്മയുടെ സന്ദേശങ്ങൾക്കൊപ്പം തന്നെ യുദ്ധ കഥകളും അക്രമ ന്യായീകരണങ്ങളും ഒക്കെ കാണാം. അക്രമ ചരിത്രം ഇല്ലാത്ത മതം ഏതാണുള്ളത് ? എന്റെ മതം നല്ലതാണ് എന്നു ഏതൊരു മതസ്ഥനും ചിന്തിക്കുന്നതിൽ തെറ്റില്ല പക്ഷെ എന്റെ മതം ആണ് ഏറ്റവും ശ്രേഷ്ഠം എന്നു വിചാരിച്ചാൽ മറ്റുള്ളവ നല്ലതല്ല ….അവയിൽ ന്യൂനതകൾ ഉണ്ട് എന്നൊക്കെ പര്യായങ്ങൾ ഉണ്ടായി വരും . സോപ്പും ചീപ്പും പോലെ വിറ്റഴിക്കാനുള്ളതല്ല മതം . ആവുകയും അരുതു. മതമൊന്നും ഇല്ലാത്ത നിരീശ്വരവാദികളായ കംമ്യുനിസ്റ്കാരുടെ കാലത്തു റഷ്യയിൽ സ്റ്റാലിൻ മാത്രം കൊന്നൊടിക്കിയത് 20 മില്യൺ ജനങ്ങളെ ആണ് . അതു മതത്തിനു വേണ്ടി അല്ലല്ലോ ? അപ്പോൾ മതമില്ലെങ്കിൽ മനുഷ്യന്റെ ആക്രമണ വാസന തീരുമോ ?

ഈ നൂറ്റാണ്ടിൽ നിരീശ്വരവാദികൾ മതസ്ഥരെ പോലെ തന്നെ അസഹിഷ്ണുത ഉള്ളവരും തീവ്ര അഭിപ്രായങ്ങൾ ഉള്ളതുമായ സ്ഥാപിത പ്രസ്ഥാനം ആയി കഴിഞ്ഞിരിക്കുന്നു . യാഥാസ്ഥിതിക മത വിശ്വാസിയുടെ അസഹിഷ്ണുതയും നിരീശ്വര വാദിയുടെ അസഹിഷ്ണുതയും പലപ്പോഴും ഭേദമില്ലാത്തവയാണ്. അപ്പോൾ ഏതൊരു മതഗ്രന്തത്തിലും സഹിഷ്ണുതയുടെ പാഠങ്ങൾ ആണോ അസഹിഷ്ണുതയുടെ പാഠങ്ങൾ ആണോ അധികം ഉള്ളത് എന്നതു കൊണ്ടല്ല മതാധിഷ്ഠിതമായ അക്രമവാദം ഉയരുന്നത് . മതം എന്നാൽ അഭിപ്രായം എന്നെ അർത്ഥമുള്ളൂ . നിരീശ്വരവാദവും ഒരു അഭിപ്രായം ആണ് . യുക്തി ഏതു വിധത്തിൽ പ്രയുക്തമാക്കുന്നു എന്ന അടിസ്ഥാനത്തിൽ രണ്ടു അഭിപ്രായങ്ങൾ …അത്രമാത്രം. അതുകൊണ്ടു തന്നെ മതവും നിരീശ്വരവാദവും രണ്ടും നമ്മൾ സമൂഹത്തിൽ എങ്ങനെ പഠിപ്പിക്കുന്നു എന്നതിനെ ആസ്പദം ആക്കിയാണ് ആക്രമണ വാദവും അസഹിഷ്ണുതയും ഉണ്ടാവുന്നത് . അതിന്റെ പഠന രീതിയായണ് നമ്മൾ മാറ്റേണ്ടതും.

Advertisements