മലബാർ എന്താണ് ? ഒരു ആശയമോ ? ഭൂതകാലത്തിന്റെ അരിച്ചു പോയ താളോ ? രാഷ്ട്രീയമോ ? എന്താണ് “മലബാർ” എന്നു നമ്മൾ മലയാളികൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ ?

മലബാർ എന്നു വിളിക്കപ്പെടുന്ന പ്രദേശം കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം തൊട്ടു മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ തീരത്തുള്ള തിരുനാവായ വരെ ഉള്ള പ്രദേശം ആണ്. പേർഷ്യൻ ഭാഷയിലെ മാലാ (കച്ചവടവസ്‌തുക്കള്‍) ബാർ (കടല്‍ക്കര) എന്ന രണ്ടു വാക്കുകൾ സംയോജിച്ചു ഉടലെടുത്ത ഒരു പദപ്രയോഗം ആണ് മലബാർ. ഈ പ്രദേശത്തെ രണ്ടായി വിഭജിച്ചാണ് കാണുന്നത് . കോഴിക്കോട് ജില്ലയിലൂടെ ഓടുന്ന കോരപ്പുഴ ആണ് ആ വിഭജനത്തിനു അതിർത്തിയായി നിലനിൽക്കുന്നത്. കോരപ്പുഴക്ക് വടക്കുള്ളത് വടക്കേ മലബാറും തെക്കുള്ളത് തെക്കേ മലബാറും. വടക്കേ മലബാർ ഏഴിമല ആസ്ഥാനമാക്കി കോലത്തിരിയുടെ കൂറു വാഴ്ചയുള്ള കോലത്തുനാടും തെക്കേ മലബാർ കോഴിക്കോട് ആസ്ഥാനമാക്കി സാമൂതിരിയുടെ പ്രദേശവും ആയിരുന്നു . October 1, 1801 ബ്രിട്ടീഷുകാർ മലബാറിനെ മദ്രാസ് പ്രെസിഡെൻസിയിലെ 12 ജില്ലകളിൽ ഒന്നായി കൂട്ടി ചേർത്തു . അങ്ങനെ വടക്കു കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തൊട്ടു തൃശൂർ ജില്ലയിലെ ചാവക്കാട് വരെ ഉള്ള പ്രദേശം മലബാർ ജില്ലയായി രൂപാന്തരപ്പെട്ടു. പിൽക്കാലത്തു ഭാഷാ അടിസ്ഥാനത്തിൽ 1 November 1956 ഇൽ മലബാർ ജില്ലയെ മദ്രാസിൽ നിന്നും അടർത്തി എടുത്തു കൊച്ചിയും തിരുവിതാംകൂറും ആയി സംയോജിപ്പിച്ചു കേരള സംസ്ഥാനം ഉണ്ടാക്കി എടുത്തു . ആയതു കൊണ്ടു തന്നെ മലബാറിന് ചരിത്രപരമായും കലാ സാംസ്കാരികപരമായും സാമൂഹ്യപരവുമായി പല പല വിശേഷതകളും ഉണ്ട്. മലബാറിലെ ജനതക്ക് തനതായ ഒരു സ്വത്വ ബോധവും വിശേഷാൽ പ്രൗഢിയും ഉണ്ട് . വികസന പ്രക്രിയയിൽ തങ്ങളെ കേരള സംസ്ഥാനം കാലാകാലമായി അവഗണിക്കുന്നു എന്നും , അതിന്റെ ദേശഭാഷകളെയും കലാ സാംസ്കാരിക സംഭാവനകളെയും രണ്ടാനമ്മ പെറ്റ കുട്ടിയെ പോലേ കേരള സംസ്ഥാനത്തിലെ അന്യ ജില്ലകൾ മൂഢമായി അവഹേളിക്കുന്നു എന്നും ഉള്ള വ്യസനവും ദേഷ്യവും മലബാറിലെ പലവരിലും ഇന്നും ശക്തമാണ് . ആയതിനാൽ തന്നെ മലബാർ എന്ന തനതായ ഒരു സംസ്ഥാനം വേണം എന്ന രാഷ്ട്രീയ ചിന്തകൾ ഇവിടുത്തെ ജനങ്ങളിൽ 1956 മുതൽക്കേ നിലനിന്നു പോകുന്നു .

തച്ചോളി ഒതേനന്റേയും ഉണ്ണിയാർച്ചയുടെയും പഴശ്ശി രാജയുടെയും കുഞ്ഞാലി മരക്കാറുടെയും ഒക്കെ വീരകഥകളും, ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടത്തിന്റെയും അക്രമ കഥകളും , മാപ്പിള ലഹളയുടെ മുറിവും പേറി നിൽക്കുന്ന ഒരു ഭൂതകാല സ്മരണ മാത്രമല്ല മലബാർ. തെയ്യം, തിടമ്പ് നൃത്തം, ഒപ്പന , ദഫു മുട്ടു, കോൽക്കളി, തോറ്റം, വടക്കൻ പാട്ടുകൾ, മാപ്പിള പാട്ടുകൾ, ഹീഭ്രൂ അറബി പോർച്ചുഗീസ് ഡച്ചു ഭാഷകളുടെ അതിപ്രസരം ഉള്ള ദേശഭാഷകൾ, തുളു-മലയാണ്മയ ഏവം അറബ് -മലയാണ്മ സംസ്കാരങ്ങളുടെ ഒത്തുചേരലിലൂടെ ജന്യമായ വിശേഷാൽ ഭക്ഷണങ്ങൾ ഇവയൊക്കെ മലബാറിന്റെ പ്രത്യേകതകളിൽ ചില ശകലങ്ങൾ മാത്രം. മലയാളം ഭാഷയുടെ പിതാവെന്ന് നമ്മൾ വിളിക്കുന്ന തുഞ്ചത്തു രാമാനുജൻ, കൃഷ്ണ ഗാഥ എന്ന മലയാളത്തിലെ ആദ്യ മഹാകാവ്യം, തലശ്ശേരി രേഖകൾ എന്നറിയപ്പെടുന്ന മലയാളം നിഘണ്ടുവിന്റെ സൃഷ്ടി ചരിതം , കേരള ക്ഷേത്ര തച്ചുശാസ്ത്രത്തിന്റെ അടിയാധാര ഗ്രന്ധമായ തന്ത്രസമുച്ചയം, ജ്യോതിശാസ്ത്രത്തിനു ഇന്ന് ഒഴിച്ചു കൂടാനാവാത്ത പ്രശ്നമാർഗം, ദൃഗ്ഗണിതം ഗോളസംഹിത എന്നിങ്ങനെ ഉള്ള മഹത് ഗണിത ശാസ്ത്രഗ്രന്തങ്ങൾ, പൂന്താനത്തെയും മേല്പത്തൂരിനെയും പോലുള്ള പണ്ഡിത ശ്രേഷ്ഠന്മാർ, കേരള കലാമണ്ഡലം എന്ന നവീന ആശയത്തെ സാക്ഷാത്കരിച്ചെടുത്ത മഹാകവി വള്ളത്തോൾ, കമ്യൂണിസ്റ്റു പ്രസ്ഥാനം ഊട്ടി വളർത്തിയ EMS, AKG, നയനാർ എന്ന രാഷ്ട്രീയ പ്രതിഭകൾ, പ്രവാസികളിലൂടെ കേരളത്തിന്റെ GDP  യുടെ 20 % ….അങ്ങനെ ഇനിയും നീണ്ടു പോകുന്നു കേരള സംസ്കാരത്തിനും മലയാള ഭാഷയ്ക്കും കോശസ്ഥിതിക്കും ഒക്കെ മലബാറിന്റെ സംഭാവനകൾ .

മലബാർ എന്താണ് എന്നു ഇനി ഒരു മലയാളിയും ചോദിക്കാതിരിക്കട്ടെ. അതു ഒരു ആശയമല്ല, ചരിത്രത്തിന്റെ ഭൂതകാല സ്മരണയിൽ മാത്രം ഒതുങ്ങുന്ന ഒരു ഏടല്ല, ഒരു രാഷ്ട്രീയ ലക്ഷ്യവുമല്ല . ഇന്നും അവഗണനയും  പുച്ഛവും വേദനയോടെ വിഴുങ്ങി തനതായ പ്രൗഢസംസ്കാരമുള്ള ചോരയും നീരും സിരകളിലൊഴുകുന്ന ഒരു പറ്റം പച്ച മനുഷ്യർ ജീവിക്കുന്ന ഒരു പ്രദേശമാണ്.

Advertisements