പ്രണയം എന്ന മഴവില്ല്

ലൈംഗിക ന്യൂനപക്ഷങ്ങൾക്കു ഇന്ധ്യയിൽ  അനുഭവിക്കേണ്ടി വരുന്ന സാമൂഹിക ബഹിഷ്കരണം, അപമാനം, പീഡനങ്ങൾ  ഇവ ചില്ലറയൊന്നുമല്ല …..അതു ഈ മനുഷ്യ ജീവിതങ്ങളുടെ  ആത്മാഭിമാനത്തെയും സാമൂഹിക പ്രതിബദ്ധതയേയും പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നത്  നമ്മൾ കാണുന്നുണ്ടോ ? അറിയുന്നുണ്ടോ  ?. ഭിന്ന ലിംഗക്കാരുടെ ഭിന്നതയും, സ്വവർഗാനുരാഗികളിലെ രതിയും മാത്രം എടുത്തു കാണുന്നത് നമ്മുടെ പരിമിത ദർശനത്തിന്റെയോ, മതത്തിന്റെ അതിപ്രസരത്തിന്റെയോ, അറിവില്ലായ്മയുടെ ഒക്കെ ഭാഗമായി വേണം കാണാൻ. യാതൊരുവിധ ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ തന്നെ പ്രകൃതി വിരോധം, മൂല്യച്യുതി, മനോരോഗം എന്നിങ്ങനെ പല പല ദോഷങ്ങളും ചാർത്തി സമൂഹം ഇവരെ ബഹിഷ്‌ക്കരിക്കുന്നു, അവഹേളിക്കുന്നു, പീഡിപ്പിക്കുന്നു . ഇഷ്ടമില്ലാ അച്ചി തൊട്ടതെല്ലാം കുറ്റം ….അതാണ് യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നതും. ആയതു കൊണ്ടു തന്നെ ഇന്ധ്യൻ സമൂഹവും വിശേഷാൽ സ്വയം പ്രബുദ്ധർ എന്നു അഹങ്കരിക്കുന്ന മലയാളികളും, അനുരാഗത്തിനും പ്രണയത്തിനും വർഗബോധത്തിന്റെ വിഴുപ്പു ഭാണ്ഡം ചാർത്തി കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നു സ്വയം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിൽ 25000 ത്തിൽ പരം ഭിന്നലിംഗക്കാർ ഉണ്ടെന്നു സർവേകൾ സൂചിപ്പിക്കുന്നുവെങ്കിലും അതിൽ 3902 മാത്രമേ 2011 ലേ സെൻസസിൽ രേഖപ്പെട്ടിട്ടുള്ളൂ. ഇവർ സമൂഹത്തിന്റെ ബഹിഷ്കരണവും അവഹേളനയും ഭയന്നു സ്വന്തം സ്വത്വ മറച്ചു പൊയ്‌മുഖങ്ങൾ ധരിച്ച ദുരിതപൂർണമായ ഒരു വ്യാജ ജീവിതം നയിക്കേണ്ടി വരുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കണക്കുകളിലേ ഈ വിരോധാഭാസം . 1.2 ബില്യൺ ജനസംഖ്യയുള്ള ഇന്ധ്യയിൽ 0.3 % മാത്രമാണ് HIV യുടെ നിരക്കെന്നിരിക്കെ 25 ലക്ഷത്തോളം വരുന്ന സ്വവർഗാനുരാഗികളിൽ 7 % ത്തോളം HIV എന്തു കൊണ്ടു കണ്ടു വരുന്നു എന്നുള്ളതിന്റെ കാര്യവിവരങ്ങൾ നമ്മൾ അന്വേഷിക്കുന്നില്ല എന്നതാണ്  പരമാർത്ഥം. ആകർഷണം, അനുരാഗം, രതിസുഖം, മൂല്യബോധം, സുരക്ഷാബോധം, പങ്കാളിത്തം ഇവയൊക്കെ മൂർത്തിഭവിക്കുന്നതു കുടുംബം എന്ന സങ്കല്പത്തിൽ ആണ്. ആ കുടുംബം എന്ന കൂടു പ്രണയിതാവുമായി കെട്ടാൻ അവസരം നിഷേധിക്കപ്പെടുമ്പോൾ, അവരുടെ പ്രണയം എന്ന വികാരത്തിന് ആവിഷ്കരണാനുമതി ഇല്ലാതെ വരുമ്പോഴാണ് ശുദ്ധമായ അനുരാഗം ദ്രുതമായ സുരക്ഷിതമല്ലാത്ത വേഴ്ചകൾ മാത്രമായി ഒതുങ്ങി പോകുന്നതും പല രോഗങ്ങൾക്കു ലൈംഗിക ന്യൂനപക്ഷങ്ങൾ വിധേയപ്പെട്ടു പോകുന്നതും. ആയതിനാൽ മാനുഷിക മൂല്യങ്ങളോടും സാമൂഹികാരോഗ്യത്തിനോടും പ്രതിബദ്ധത ഉള്ള ഒരു സമൂഹം ലൈംഗിക ന്യൂനപക്ഷങ്ങളുടെ വൈകാരിക, ആരോഗ്യ, സാമൂഹിക ആവശ്യങ്ങൾ നിഷേധിക്കാൻ പാടുള്ളതല്ല .

ശിഖണ്ഡിയെ മുൻ നിർത്തി ഭീഷ്മനേ വധിച്ചു കഥ മക്കൾക്ക്‌ പകർന്നു കൊടുക്കുമ്പോൾ, മോഹിനി രൂപത്തിൽ വിഷ്ണുവിന് ശിവനിലുണ്ടായ അയ്യപ്പനെ വണങ്ങാൻ അവരെ പ്രേരിപ്പിക്കുമ്പോൾ, പദ്മശ്രീ വിക്രം സേത്തിന്റെ മഹത് രചനകൾ അവരുടെ ആസ്വാദനത്തിനു പകർന്നു കൊടുക്കുമ്പോൾ, ഇസ്മയിൽ മെർച്ചന്റിന്റെ സിനിമകൾ അവരുമായി ഒന്നിച്ചിരുന്നു കണ്ടു രസിക്കുമ്പോൾ അവരെ പഠിപ്പിക്കേണ്ടത് അതിലുള്ള മതമോ സാഹിത്യമോ കലയോ അല്ലാ മറിച്ചു ലൈംഗിക ന്യൂനപക്ഷങ്ങളും നമ്മളെ പോലേ മനുഷ്യരാണ് എന്നും അവർക്കും സ്നേഹവും, ബഹുമാനവും കുടുംബവും എന്ന സ്വപ്നങ്ങൾ ഉണ്ടെന്നുമാണ്.

Advertisements

2 thoughts on “പ്രണയം എന്ന മഴവില്ല്

  1. എങ്കിലും പാശ്ചാത്യരേക്കാൾ സാമൂഹിക-സാംസ്‌കാരിക പ്രബുദ്ധർ എന്നഹങ്കരിച്ചിരുന്നവർ എന്തെ ഇന്നിങ്ങനെ അധഃപതിച്ചു?

    Like

Comments are closed.

Blog at WordPress.com.

Up ↑

%d bloggers like this: