തെക്കൻ ദിക്കിൽ പോലേ കാമാ ……….

സരിത കേരളത്തെ ഇളക്കി മറിച്ചിരിക്കുന്നു …….. കയച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും. ഒരു ബിസിനസ്‌ സാമ്രാജ്യം കെട്ടി ഉയർത്താൻ സരിത തട്ടിപ്പും വെട്ടിപ്പും, കോഴയും, മേനി മിടുക്കും, ബുദ്ധിയും സാമർത്ത്യവും ഒക്കെ പയറ്റി നോക്കി. പലരേയും ചതിച്ചു , പലരും ചതിച്ചു, എന്നിട്ടും ആത്മധൈര്യം കൈവെടിയാതെ ഊരാക്കുടുക്കുകളിൽ നിന്നും പലതും ഉപയോഗിച്ച് വീണ്ടും വീണ്ടും നീന്തിയുയരാൻ ഉറച്ച ഒരു സ്ത്രീ….അത്രയൊക്കെ ഉള്ളൂ സരിത എന്ന സംഭവം. സ്വന്തം കാര്യ സാദ്ധ്യത്തിനു നാട്ടുകാരെ മൂക്കിൽ വലിച്ചവർ കേരളത്തിൽ മുന്പുണ്ടായിട്ടില്ലേ ? പുത്തനും വശ്യവും ഒക്കെ വെച്ച് നീട്ടി രാഷ്ട്രീയക്കാരെ സുയിപ്പാക്കിയവർ കേരളത്തിൽ മുന്പുണ്ടായിട്ടില്ലേ ? വൈകൃതമായ വേഴ്ച കേസുകൾ കേരളത്തിൽ മുന്പുണ്ടായിട്ടില്ലേ ? പിന്നെ എന്താ സരിത എന്ന് കേൾക്കുമ്പോൾ മലയാളിക്ക് ആകെ ഒരു എരി പിരി സഞ്ചാരം, ഒരു ഇക്കിളി ? 

മറ്റു തട്ടിപ്പുകളെ വെച്ച് നോക്കുമ്പോൾ സോളാർ വെറും ചില്ലറ പൈസയുടെ തട്ടിപ്പാണ്. ഉൾപെട്ട രാഷ്ട്രീയക്കാരുടെ എണ്ണം നോക്കിയാലും സംഭവം വെറും ഒരു ചിന്ന അമിട്ട് മാത്രം. എങ്കിലും സരിതയെ പിന്തുടർന്ന് പാവാട രഹസ്യങ്ങൾ മാന്തി നോക്കുന്നവരുടെ എണ്ണവും , കപട സദാചാരം മാധ്യമങ്ങളിലും  വാട്സപ്പിലും ഫയ്സ്സ്ബുക്കിലും പോസ്റ്റിക്കുന്ന മാന്യന്മാരുടെ എണ്ണവും തിട്ടപ്പെടുത്തിയാൽ, സോളാർ സരിത യഥാർത്ഥത്തിൽ ഒരു ബോംബു തന്നെയാണ്. ഒരു നിമിഷം പലവരും പറയുന്നത് പോലെ സരിത ഒരു വ്യഭിചാരിണി ആണ് എന്നു തന്നെ നമ്മുക്ക് സങ്കൽപ്പിക്കാം. എന്താ വ്യഭിചാരിണിയായത്‌ കൊണ്ട് സരിത എന്ന സ്ത്രീ ചൂഷണത്തിന് വിധേയയായാൽ അവർ സ്വയം അതിനോട് ചെറുക്കാൻ ശ്രമിക്കരുതെന്നുണ്ടോ ? കൈവള്ളയിൽ ഉള്ള തന്ത്രങ്ങൾ ഉപയോഗിച്ച് സ്വരക്ഷാർത്ഥം ഒരു കവചം മേനഞ്ഞൂടെന്നുണ്ടോ ? ഒരു ബിസിനെസ്സ് തുടങ്ങാനുള്ള കുറച്ചു ലക്ഷങ്ങൾക്ക് വേണ്ടി മാത്രം വെല്യ താല്പര്യം ഒന്നും തോന്നാത്ത പെണ്ണിനെ കെട്ടുന്ന മാന്യന്മാർ കേരളത്തിൽ എത്ര ? സ്ത്രീധന കാശ് കീശയിൽ ആയാൽ പിന്നെ മറ്റു മേച്ചിൽ പുറം തേടി നടക്കുന്ന കേരളത്തിൽ മിടുക്കന്മാർ എത്ര ? വിദേശ വാസം മോഹിച്ചു ഏതൊരുത്തിയേയും മിന്നു കെട്ടാൻ തയ്യാറുവുന്ന വീരന്മാർ എത്ര ? കൊടുക്കുന്ന മെഹറിനു നൂറിരട്ടി സ്ത്രീധനം തിരിച്ചുവാങ്ങി സ്വയം കാറും വീടും വാങ്ങുന്ന കൌശലക്കാർ എത്ര ? സരിതയെ അളക്കുന്ന ആ കോലുപയോഗിച്ചാൽ കുടുംബം എന്ന സങ്കല്പ്പത്തെ കച്ചവടമാക്കുന്ന ഇവരും വ്യഭിചാരികളല്ലേ ? സരിതയെ കേരളം ദോഷം ചാർത്തി , കാർക്കിച്ചു തുപ്പുമ്പോൾ യഥാർത്ഥത്തിൽ അവരെ കേരളം തീവ്രമായി ഭയക്കുന്നു എന്നതാണ് സത്യം . സ്വയം മനസിലാക്കാൻ പറ്റാത്ത , അംഗീകരിച്ചു കൊടുക്കാൻ പറ്റാത്ത, എന്തിനോടോ ഉള്ള മോഡേൺ മലയാളിയുടെ ഒരു ഉൾഭയം. അതിൽ നിന്ന് അറിഞ്ഞോ അറിയാതയോ ചീറ്റുന്നതാണ് സരിതയോടുള്ള സദാചാര വിഷം . 

ബുദ്ധിയും, മിടുക്കും, മേനിയും, പിന്നെ ഒരു പിടി തട്ടിപ്പും വെട്ടിപ്പും, ഒരു പോലെ പയറ്റാൻ മടിയില്ലാത്ത പഴം കഥകളിൽ മാത്രം കേട്ടറിവുള്ള കേരളത്തിലെ ഒരു സ്ത്രീസങ്കല്പത്തെയാണ്‌ സരിത സമകാലീന കേരളത്തെ ഓർമിക്കാൻ പ്രേരിപ്പിച്ചത് . തന്നെ വസ്തുവായി ഉപയോഗിച്ചതിൽ പ്രധിഷേധിച്ച് ബുദ്ധിയും സൗന്ദര്യവും വീശി സ്മാർത്തവിചാരത്തെ പോലും ഭയക്കാതെ 64 ജാരന്മാരെ ഉപയോഗിച്ച കുറിയേടത്ത് താത്രി എന്ന അന്തർജനം കേരളത്തിൽ ഉണ്ടായിരുന്നില്ലേ . 12 സംബന്ധങ്ങൾ വരേ ഒരേ സമയം ആത്മവിശ്വാസത്തോടെ അനായാസം കൊണ്ട് നടന്നിട്ടുള്ള കുലീനകളായ വള്ളുവനാടൻ നായർ സ്ത്രീകൾ കേരളത്തിൽ ഉണ്ടായിരുന്നില്ലേ . കുഞ്ഞിരാമൻ ഇല്ലാത്തൊരന്തിക്കു ചന്തുവിന് അറവാതിൽ തുറന്നു കൊടുത്ത ആഭിജാതയായ ആർച്ച എന്ന ചേകവത്തിയും കേരളത്തിൽ ഉണ്ടായിരുന്നില്ലേ . എടംകണ്ണിട്ടു തമ്പ്രാക്കന്മാരെയും ബ്രാഹ്മണരെയും മയക്കി സ്വന്തം താവഴികളിൽ പണവും ജനുസും സംസ്കാരവും പോഷിപ്പിച്ചെടുത്ത ആഢ്യകളായ കെട്ടിലമ്മമാരും നെത്യാരമ്മമ്മാരും കേരളത്തിൽ ഉണ്ടായിരുന്നില്ലേ . ഇവരൊക്കെ വളർത്തി ഊട്ടിയ ഒരു സ്ത്രീ പ്രതിരൂപം കേരളത്തിലെ പഴമക്കാർക്ക് സുപരിചിതമാണ്. സ്വന്തം മിടുക്കുകൾ അത് ബുദ്ധിയോ മറ്റെന്തോ ആവട്ടെ , അവ ഉശിരോടെ ഉപയോഗിക്കാൻ മടിയില്ലാത്ത ഒരു പച്ച സ്ത്രീ – ഒരു സ്വൈരിണി . അതാണ്‌ സമകാലീന കേരളത്തെ സരിത ഒരു നിമിഷത്തേക്ക് ഓർമിപ്പിച്ചത് . ഓർമിപ്പിച്ചു നടുക്കിയത്. 

ഒരു നൂറ്റാണ്ട് പോലും പഴക്കമില്ലാത്ത പുത്തൻ സദാചാര ബോധങ്ങളുടെ മറയിൽ ഇരിക്കുന്ന ഇന്നത്തെ മലയാളിക്ക് സരിത എന്ന് കേട്ടാൽ ഉണരുന്നത്, കട്ടാൽ ഞ്ഞേലാൻ പഠിച്ച ഒരു തട്ടിപ്പുക്കാരിയോടുള്ള വെറും ഭയമല്ല. മാംസവും മജ്ജയുമുള്ള ഭൂതകാലത്തെ ഓർമിപ്പിക്കുന്ന ചങ്കുറപ്പുള്ള സ്വൈരിണിയായ സ്ത്രീയോടുള്ള കിടുകിടുക്കുന്ന ക്ഷോഭവും ഭയവുമാണ് . സരിതയെ പ്രശംസിക്കുകയോ ഇന്നത്തെ മലയാളി മങ്കകൾ സരിതയെ പോലാവണം എന്നോ അല്ലാ ഈ കുറിപ്പിന്റെ താല്പര്യം പക്ഷെ അങ്ങനെയും ഒരു മങ്ക ഉണ്ടാവാനിടയായാൽ അമിതമായി ഒരു സദാചാര വിക്ഷൊഭത്തിന്റെ ആവശ്യമൊന്നുമില്ല എന്ന് മാത്രം സാരം. സ്ത്രീയുടെ ഈ പ്രതിരൂപം കേരളത്തിന്‌ പുത്തരിയല്ല അത് കൊണ്ട് തന്നെ സരിതയെ കുലടയാക്കേണ്ട ആവശ്യവും ഇല്ല. . ഇന്നും പൂരത്തിന് വടക്കേ മലബാറിലെ സ്ത്രീകൾ കാമനെ പൂജിക്കാറുണ്ട് , അട ചുടാറുണ്ട്, തെക്കൻ ദിക്കിൽ പോവാണ്ടിരിക്കാൻ കളിമൺ കാമനെ പല വാഗ്ദാനങ്ങളും കൊടുത്തു പ്രലോഭിപ്പിക്കാറുണ്ട് …….എങ്കിലും സരിത എന്ന് കേൾക്കുമ്പോൾ സദാചാരം തുള്ളി , ദോഷം ചാർത്തി, പരിഹസിച്ചു തളക്കാൻ ശ്രമിക്കുന്നു – ആർക്ക് വേണ്ടി ? ആരേ ഭയന്നു ? നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യത്തെ കല്ലെറിയട്ടെ .

2 thoughts on “തെക്കൻ ദിക്കിൽ പോലേ കാമാ ……….

  1. കാത്തു സൂക്ഷിക്കണ്ടെ സുഹൃത്തെ നമ്മുടെ മലയാളി മങ്കതൻ കീർത്തി അപ്പൊ പിന്നെ ഞാൻ ഇതൊക്കെ ആദ്യമായാണെ
    കാണുന്നത് എന്ന് അത്ഭുതപെടുന്നതിൽ വിരോധമില്ല

    Like

  2. പ്രവർത്തികളിലെ ധാർമികതയാണ് പ്രശ്നമെങ്കിൽ അത് ആപേക്ഷികമാണെന്നു സമ്മതിക്കേണ്ടി വരും!

    Like

Comments are closed.

Create a free website or blog at WordPress.com.

Up ↑