കുട്ടിക്കാലത്തെ ഒരു ഓർമയാണ്. കണ്ണൂരിലെ തളിപ്രംബ് എന്ന ഗ്രാമം …അവധി കാലങ്ങളിൽ ഞങ്ങൾ അവിടെ ചിലപ്പോൾ പോകാറുണ്ട് …..അച്ഛന്റെ നാടായിരുന്നു . അവിടെ ഒരു ഇടത്തരം കുടുംബവീട്ടിൽ ആയിരുന്നു അവധിക്കാലം . പിൽക്കാലത്ത്‌ വിരോധാഭാസമായി തോന്നിയിട്ടുണ്ടെങ്കിലും “നീതി നിവാസ്” എന്നായിരുന്നു ആ വീടിന്റെ ഇരുംബ് ഗേറ്റുകളിൽ എഴുതിയിരുന്നത്. രാവിലെ അടുത്തുള്ള ത്രിച്ചംബരം ക്ഷേത്രത്തിൽ എല്ലാവരും പോകാൻ തീരുമാനമായി. കുളിമുറിയിലെ വലിയ സിമന്റ്‌ ഭരണിയിൽ നിറച്ച വെള്ളം മുക്കി കുളിച്ച എനിക്ക് , ചെറിയ ഒരു മോഹം ….. “അച്ചമ്മേ എനക്കും മുണ്ട് ഉടുക്കണം”. ഗോവണി ചുവട്ടിൽ ഒരു തേവാരപ്പുര ഉണ്ടായിരുന്നു. അവിടെ താടി നീട്ടി അല്പം നൊസ്സ് ഉണ്ടോ എന്ന് സംശയിച്ചു പോകുന്ന ഒരു ഇളയച്ചൻ പൂജയിൽ ആയിരുന്നു.എന്റെ ആഗ്രഹം ഇഷ്ടപെട്ടില്ല എന്ന് വ്യക്തമാക്കി കൊണ്ട് ഒരു തുറിച്ച നോട്ടം. ആറ് വയസ്സുകാരൻ നിക്കറിട്ടാൽ പോരെ എന്നായി പയയന്നൂരിൽ നിന്നും വന്ന ഇളയമ്മ . വീട്ടിൽ എനിക്ക് പറ്റിയ കുട്ടി മുണ്ടില്ലാത്തതിനാൽ മുണ്ട് വാങ്ങിക്കണം. ആര്‍ക്കും അതിനു താല്പര്യമില്ല. പ്രത്യേകിച്ച് ഇളയമ്മ മൊഴിഞാല്‍ അച്ഛമ്മ ഒരു ഭയപ്പാടോടെ അത് സ്വീകരിക്കാറാണ് പതിവ്. അന്ന് പതിവിനു വിപരീതമെന്നോണം എന്നെയും കൂട്ടി അച്ഛമ്മ ഇറങ്ങി.

അച്ഛമ്മ ഒരിക്കലും വീട്ടിൽ നിന്നും പുറത്തു ഇറങ്ങി ഞാൻ കണ്ടിട്ടില്ല. കൊല്ലത്തിൽ ഒരിക്കൽ തറവാടുള്ള പാട്ടിയത്തേക്ക് പോകും കുറേ തേങ്ങയും കൊണ്ട് വരും അതായിരുന്നു ലോക സഞ്ചാരം . എന്തെന്നറിയില്ല അച്ഛമ്മ എന്റെ കയയും പിടിച്ചു പടി ഇറങ്ങി. “ഓനേം കൊണ്ട് എങ്ങൊട്ടെക്കാന്നു ?” അച്ചാച്ചൻ ഗൌരവത്തോടെ ചോദിക്കുന്നത് ഞാൻ കേട്ടു. “ഇപ്പം വരാപ്പ”. തൊണ്ണൂറു കിലോവിൽ അധികം ഭാരമുള്ള ആ ജീവൻ പിറുക്കുമണി പോലെ ഉള്ള എന്നെയും കൊണ്ട് എങ്ങനെയോ ബസ്‌ സ്റ്റാന്റിന്റെ അടുത്തുള്ള തുണി കടയിൽ കയറി. എന്റെ ജീവിതത്തിലെ ആദ്യത്തെ മുണ്ട് എനിക്ക് സമ്മാനമായി അന്ന് കിട്ടി. ഒരു ചുവന്ന കരയുള്ള കുട്ടി മുണ്ട് . “നമ്മക്ക് ഒരു ലേശം കൽക്കണ്ടം കൂടി ബാങ്ങിക്കാ ” അങ്ങനെ ഞങ്ങൾ അടുത്തുള്ള പലചരക്കു കടയിലും കയറി. കൽക്കണ്ടം പൊതിയുന്ന നേരത്ത് ഞാൻ നിരത്തിൽ നിന്നും ഒരു രോദനം കേട്ടു…. “മൊനേ നാരായണ വാ മോനേ… മോനേ” . ഇന്നും എന്റെ മനസ്സിൽ പതിഞ്ഞു നിൽക്കുന്നു ആ വിളിയിൽ അടങ്ങിയ വേദന. ഒരു ലുങ്കിയും ബ്ലൗസും മാത്രം ധരിച്ച മുടി ബ്രാന്തിയെ പോലെ അഴിച്ചിട്ടു മോനെയും തേടി തെരുവിൽ ഇറങ്ങിയ ആ സ്ത്രീയുടെ വിളി. ഏതു കല്ലിനേയും ഉരുക്കുന്ന ഒന്നായിരുന്നു ആ വിളിയിലേ ആത്മാർഥതയും വിതുംബലും. പൊടുന്നനേ കടയിലേ അരി ചാക്കുകളുടെ ഇടയിലൂടെ ഒരു പതിനാറുകാരൻ എന്നെ ചുണ്ടത്തു വിരൽ വെച്ച് മിണ്ടി പോകരുതെന്നോണം ഭീഷണി ഭാവത്തോടെ നോക്കി….. “അതാ നാരയണീടെ മോനാ ..ചെക്കൻ വലുതായില്ലേ ഇപ്പൊ അതിനു തള്ളേനെ കാണുംബോ നാണക്കേടാ ഓമനയമ്മേ “. അതും കേട്ടു അച്ഛമ്മയും ഞാനും ഉരിയാട്ടടങ്ങിയ കോലങ്ങളെപ്പോലെ കൽക്കണ്ട പൊതിയുമായി മടങ്ങി നടന്നു. “അച്ചമ്മേ എന്താ ഓൻ അമ്മേന്റടുത്തു പോവാണ്ട് ?”. അച്ഛമ്മ എന്താ പറഞ്ഞു തരേണ്ടത്‌ എന്ന് അറിയാണ്ട് എന്നെ നോക്കി . ” അത് …. അത് …. ഓള് ശരിയല്ല”. എനിക്ക് ഒന്നും മനസ്സിലായില്ല. അന്ന് ത്രിച്ചംബരം നടയിൽ തൊഴാൻ നിന്ന എനിക്ക് പുതിയ മുണ്ടിന്റെ മേന്മ കാണിക്കാൻ ഒരു തൊരയും ഇല്ലായിരുന്നു. ആ വിളി എന്റെ കൊച്ചു മനസ്സിൽ തറച്ചു നിന്ന പോലെ. എന്റെ അനിയൻ , പയയന്നൂരിലെ ഇളയമ്മയുടെ മകൻ സ്നേഹത്തോടെ കല്ല്‌ പോലെ നിൽക്കുന്ന എന്നോടു കൊഞ്ഞിച്ചു കൊഞ്ഞിച്ചു പറഞ്ഞു “തംബാച്ചി..തംബാച്ചി” . അന്ന് ഞാൻ തൊഴുതു എന്റെ തംബാച്ചിയോടു. പുതിയ ടോം ആൻഡ്‌ ജെറി കാസെറ്റിനൊ, കോഴിക്കോട്ടെ ഫാലുധക്കോ ആയിരുന്നില്ല. “നാരായണി മകനെ കണ്ടു പിടിക്കണേ തംബാച്ചി” . എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടി അല്ലാണ്ട് ആദ്യമായി ഞാൻ പ്രാർത്തിച്ചതായിരുന്നു . ഒരു വേശ്യക്ക് വേണ്ടി. അന്ന് വൈകുന്നേരം ഞങ്ങൾ എറണാകുളത്തേക്ക് മടങ്ങി . എന്റെ ചുകന്ന കരയുള്ള ആദ്യത്തെ കുട്ടി മുണ്ട് ഞാൻ നീതി നിവാസിൽ ഉപേക്ഷിച്ചിട്ടു വന്നു. എനിക്ക് ആ ഓർമ വേണ്ട എന്ന തീരുമാനത്തോടെ . ആ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണ് ഇന്നും . പലതും മറക്കാൻ എളുപ്പമല്ല എന്ന് പിന്നീടു എന്നെ ജീവിതം പഠിപ്പിച്ചു.