നിറങ്ങളില്ലാതായി

തട്ടം സ്ലൈഡ് കുത്തി തലയിലിട്ടാണ് 80-കളിൽ ഞാൻ അവരേ കണ്ടിട്ടുള്ളത് .പല പല നിറങ്ങളിൽ . പിന്നങ്ങോട്ട് കറുപ്പ് മാത്രമായിരുന്നു. ആ കറുപ്പിട്ടു മൂടിയ ഉരുവങ്ങളെ അവരുടെ സമുദായത്തിലെ ആണുങ്ങൾ പുകഴ്ത്തി, അങ്ങനെ അവർ ബഹുമാന്യകളായി. കറുപ്പിൽ മൂടികെട്ടിയ ആ ശരീരത്തിന് കുലീനത്വം എന്ന ഭാണ്ഡം ചാർത്തി കൊടുത്തു ഒപ്പം മതിപ്പും പുണ്യവും. ഏതു സ്ത്രീയാണ് ഇതൊക്കേ ആഗ്രഹിക്കാത്തത് ? “ബഹുമാനത്തിൽ” കെട്ടിയിട്ടു തളക്കപ്പെട്ട പാവം “പുണ്യവതികൾ”.

കഴിഞ്ഞ 20 കൊല്ല കാലയളവിൽ ഇത് വളരെ തന്ത്രപൂർവമായാണ് പല സംഘടനകളും ദീനികളും ചേർന്ന്  മാർകെറ്റ് ചെയ്തെടുത്തിട്ടുള്ളത് , നമ്മുടെ സ്വന്തം പ്രബുദ്ധ കേരളത്തിൽ പർദ്ദ അങ്ങനെ ഒരു ഫാഷൻ സ്റ്റേറ്റുമെന്റായി വരെ അവർ വളർത്തിയെടുത്തു . കറുപ്പിൽ മുങ്ങാത്തവരെ നഗ്നകളായി ദോഷവും  ചാർത്തി – എന്നിട്ട് സ്വയം തിരഞ്ഞെടുത്തതാണ് എന്ന ഒരു കോത പാട്ടും. കണ്ടു നിൽക്കുന്നവരുടെ തലയിൽ കളിമണ്ണ്ല്ലല്ല എന്നു മാത്രം ഇവർ മറന്നു പോയെന്നു തോന്നുന്നു. കേരളത്തിൽ “ഞമ്മന്ടെ” ഐഡന്റിറ്റി പര്‍ദ്ദക്കും മുൻപേ ഉണ്ടായിരുന്ന ഒന്നാണ്. പിന്നെങ്ങനേ പെട്ടെന്നൊരു കാലത്ത് ഇത് കേരളത്തിൽ “ഞമ്മന്ടെ” ഐഡന്റിറ്റിയുടെ പ്രധാന ചിഹ്നമായി ? ഈ ചിഹ്നത്തിലൂടെ മാത്രമാണോ തന്റെ ഐഡന്റിറ്റി പ്രകടിപ്പിക്കാനാവുക ? ആരെയും താഴ്ത്തി കെട്ടാനോ കൊള്ളിച്ചു പറയാനോ വേണ്ടിയല്ല ഇതെഴുതിയത് …..വിഷമം കൊണ്ട് പറഞ്ഞു പോകുന്നതാണ് . 

വ്യക്തിപരമായി ഞാൻ പർദ്ദയിൽ കണ്ട പ്രശ്നം അത് വെറും ഒരു തുണി കഷ്ണം മാത്രമല്ല എന്നുള്ളതാണ് . അത് ഒരു ആശയം കൂടിയാണ് . അതിട്ടിട്ടുള്ളവൾ പുരുഷന്മാരെ ത്രസിപ്പിക്കാൻ ശ്രമിക്കാത്ത ശീലാവതി ആണെന്ന ധാർമിക ആശയം … തൽഫലം അത് ധരിക്കാത്തവൾ സദാചാര ബോധമില്ലാത്തവളും . ആ ആശയം ആണ് പ്രശ്നം . പർദ്ദയിടുന്നത്‌ സ്ത്രീയുടെ സ്വാതന്ത്ര്യം ആണെന്ന് വാദിക്കുന്ന പ്രത്യേകതരം ചില പുരോഗമനവാദികളും ജന്മം കൊണ്ടിട്ടുണ്ട്. അവർ ഒന്നുകിൽ അത് വെറുമൊരു വസ്ത്രം മാത്രമല്ല  ആശയം കൂടിയാണെന്നത് മനസിലാക്കാൻ ശ്രമിക്കുന്നില്ല …അല്ലെങ്കിൽ സ്ത്രീയെ സദാചാര ബോധത്തിന്റെ ചങ്ങലയിൽ തളയ്ക്കാൻ ആഗ്രഹിക്കുന്നു . സ്ത്രീകൾ അങ്ങനെ അന്യോന്യം ശീലാവതികളും പതിവ്രതകളും ആവാൻ മത്സരിക്കുന്നത് കണ്ടു ആസ്വദിക്കുന്ന വികൃത പുരുഷമേധാവിത്തത്തിന്റെ വാക് കസർത്തുകളായിട്ടു മാത്രമേ പലപ്പോഴും ഈ പർദ്ദാ-അനുകൂലികളെ കാണാൻ സാധിക്കുകയുള്ളൂ.

താലിയായലും, മിന്നായാലും , പര്‍ദ്ദയായാലും …. സ്ത്രീക്ക് മാത്രമേ ഉള്ളോ ഈ ചാരിത്രതിന്റെയും അടയാളപെടുത്തലുകളുടെയും വീഴ്പ്പുഭാണ്ടം ?

Advertisements

Comments are closed.

Blog at WordPress.com.

Up ↑

%d bloggers like this: